കൊടും വളവ് നിവർത്തിയിട്ടും അപകടങ്ങൾക്ക് കുറവില്ല
text_fieldsഉളേള്യരി: റോഡ് നവീകരണത്തിനു ശേഷം കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർച്ചയായിട്ടും നടപടിയില്ലെന്ന് പരാതി.
കൊയിലാണ്ടിക്കും ബാലുശ്ശേരിയും ഇടയിൽ അടുത്ത കാലത്തുണ്ടായ അപകടങ്ങളിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. പോക്കല്ലൂർ, പനായി, ഉളേള്യരി 19, പറമ്പിൻമുകൾ, പൊയിൽ താഴം, മുണ്ടോത്ത്, കന്നൂര്, കണയങ്കോട് ഭാഗങ്ങളിൽ ഉണ്ടായ വ്യത്യസ്ത അപകടങ്ങളിൽ വാഹനയാത്രികരും കാൽനടയാത്രക്കാരും അടക്കം പത്തോളം പേർ മരണപ്പെട്ടിരുന്നു.
ഞായറാഴ്ച രാവിലെ പ്ലസ് ടു വിദ്യാർഥിയായ ബൈക്ക് യാത്രികൻ അപകടത്തിൽപ്പെട്ട കണയങ്കോട് വളവ് സ്ഥിരം അപകട മേഖലയാണ്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി മുണ്ടോത്ത് പറാട്ടാം പറമ്പത്ത് അഭിഷേകാണ് (17) അപകടത്തിൽ മരിച്ചത്.
എതിരെ വന്ന തടി ലോറിയിൽ ബൈക്ക് ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ അഭിഷേക് റോഡരികിലെ സ്ലാബിൽ തലയടിച്ച് തൽക്ഷണം മരിച്ചു. നേരത്തെ ഉണ്ടായിരുന്ന ഭാഗത്തെ കൊടും വളവ് നവീകരണത്തിന്റെ ഭാഗമായി പാറ പൊട്ടിച്ച് വീതി കൂട്ടിയിരുന്നു. എങ്കിലും ഇവിടെ അപകടങ്ങൾക്ക് ശമനമുണ്ടായിട്ടില്ല. എതിരെ വരുന്ന വാഹനത്തിന്റെ കാഴ്ച പൂർണമായും ഡ്രൈവർമാരുടെ കണ്ണിൽപെടാത്ത വളമാണ് ഇപ്പോഴും ഇവിടെയുള്ളത്.
ഇതോടൊപ്പം അമിതവേഗവും അശ്രദ്ധയും ആണ് പലപ്പോഴും ഈ റോഡിൽ ജീവൻ പൊലിയാൻ ഇടയാക്കുന്നത്. നേരത്തെ അപകടങ്ങൾ വളരെ കുറവായിരുന്ന ഈ സംസ്ഥാന പാതയിൽ നവീകരണത്തിനു ശേഷം ദിനംപ്രതി അപകടങ്ങൾ ഉണ്ടാകുന്നത് ഏറെ ഭീതി ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.