പോരാട്ടസ്മരണ പേറുന്ന ഉള്ള്യേരി പാലം ഓർമയാകുന്നു
text_fieldsഉള്ള്യേരി: ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിൽ ഉൾപ്പെട്ട് ചരിത്രത്തിൽ ഇടംനേടിയ ഉള്ള്യേരി അങ്ങാടിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം പൊളിച്ചുമാറ്റുന്നു. റീബിൽഡ് കേരള പദ്ധതിയിൽപെടുത്തി നടക്കുന്ന കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായാണ് ബലക്ഷയം വന്ന പാലം പൊളിക്കുന്നത്. പാലം പൊളിച്ചുമാറ്റുന്ന പ്രവൃത്തി ബുധനാഴ്ച തുടങ്ങും. ഇതിന്റെ ഭാഗമായി ഇവിടെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
മാതാം തോടിന് കുറുകെയുണ്ടായിരുന്ന പാലം പൊളിച്ചതും കോക്കല്ലൂരിലെയും ഉള്ള്യേരിയിലെയും അംശക്കച്ചേരികളും കുന്നത്തറയിലെ സര്‍ക്കാര്‍ ഓഫിസ് തീയിട്ടതും ഉള്ള്യേരിയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒളിമങ്ങാത്ത ഓര്‍മകളാണ്. മൂന്ന് ചെമ്മണ് റോഡുകള്‍ സന്ധിക്കുന്ന കവലയായിരുന്നു ഉള്ള്യേരി മുക്ക്.
കോഴിക്കോട് നിന്നും അകലാപ്പുഴ വഴി വരുന്ന ചരക്കുകള്‍ കണയങ്കോട് കടവില്‍ എത്തിച്ച ശേഷം കാളവണ്ടിയിലാണ് ഉള്ള്യേരി വഴി കിഴക്കന്‍ പ്രദേശങ്ങളിലേക്ക് കൊണ്ടുപോയിരുന്നത്. തിരിച്ച് വയനാടന്‍ ഭാഗങ്ങളില്‍നിന്ന് കപ്പയും മലഞ്ചരക്കും കൊണ്ടുപോയിരുന്നതും ഇതുവഴിയായിരുന്നു. ഉള്ള്യേരി മുക്കിലെ മരപ്പാലം കടന്നായിരുന്നു ഈ യാത്രകളെല്ലാം. യാത്രികരുടെ ഇടത്താവളവുമായിരുന്നു ഇവിടം. ട്രെയിൻ ഓടിക്കുന്നതിനും മറ്റും ആവശ്യമായ മരക്കരിയും ഒപ്പം വലിയ മരത്തടികളും വയനാട് അടക്കമുള്ള പശ്ചിമഘട്ട പ്രദേശങ്ങളില്‍നിന്ന് ബ്രിട്ടീഷുകാർ കൊണ്ടുപോയിരുന്നത് ഈ മരപ്പാലം വഴിയായിരുന്നു.
ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് 1942 ആഗസ്റ്റ് 19ന് അർധരാത്രി എന്‍.കെ. ദാമോദരന്‍ നായരുടെ നേതൃത്വത്തില്‍ പത്തോളം വരുന്ന സംഘം പാലം പൊളിച്ചത്. മരപ്പാലത്തിന്റെ പലകകള്‍ ഉറപ്പിച്ച ഇരുമ്പ് ബീമുകള്‍ അടക്കം അഴിച്ചുമാറ്റി വലിച്ചെറിയുകയും ചെയ്തു. അല്പസമയത്തിനകം മരച്ചീനിയുമായി താമരശ്ശേരി ഭാഗത്ത് നിന്നും വന്ന കാളവണ്ടിക്കാരനാണ് വിവരം അധികൃതരെ അറിയിച്ചത്. പ്രതികളെ കുറിച്ച് വിവരം ലഭിച്ച പൊലീസ് ചിലരെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്തു. ചിലർ പിടികൊടുക്കാതെ ഒളിവില്‍ പോയി. എം.എസ്.പിക്കാര്‍ ഇവരെ കൊടിയ പീഡനത്തിന് ഇരയാക്കി. നാലുവര്‍ഷവും ഒരുമാസവും തടവുശിക്ഷ ലഭിച്ച 10 പേരെ ബെള്ളാരിയിലെ ആലിപുരം ജയിലിലേക്ക് മാറ്റി. സമരത്തിൽ പങ്കെടുത്തവരാരും ഇന്ന് ജീവിച്ചിരിപ്പില്ല.
മരപ്പാലത്തിനുപകരം നിർമിച്ച വർഷങ്ങൾ പഴക്കമുള്ള കോൺക്രീറ്റ് പാലം അപകടാവസ്ഥയിലായിട്ട് ഏറക്കാലമായി. പുതിയ പാലം പണിയുന്നതിനൊപ്പം ഇവിടെ സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള സ്മാരകം കൂടി നിർമിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.