ഭൂഗർഭ കേബിൾ വലിക്കൽ; ഗ്രാമീണ റോഡുകൾക്ക് നാശം
text_fieldsഉള്ള്യേരി: വൈദ്യുതി ലൈനുകൾ ഭൂഗർഭ കേബിൾ വഴി വലിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രവൃത്തികൾ മൂലം റോഡുകൾക്കു വ്യാപകമായി നാശം സംഭവിക്കുന്നതായി പരാതി. കന്നൂരിലെ 110 കെ.വി സബ്സ്റ്റേഷനിൽനിന്ന് ആനവാതിൽ -മനാട് റോഡിലൂടെ മന്ദങ്കാവ് ഭാഗത്തേക്കും കന്നൂര് വായനശാല റോഡ് വഴി മരുതൂർ -കാവുംവട്ടം ഭാഗത്തേക്കുമാണ് കേബിൾ വലിക്കുന്നത്. റോഡരിക് മുഴുവൻ കീറാതെ യന്ത്രം ഉപയോഗിച്ചാണ് കേബിൾ വലിക്കുന്നതെങ്കിലും നിശ്ചിത ദൂരത്തിൽ വലിയ കുഴികൾ എടുക്കുന്നുണ്ട്.
ഇത് പലയിടത്തും റോഡ് നശിക്കാൻ കരണമാവുന്നതായാണ് പരാതി ഉയർന്നത്. വീതി കുറഞ്ഞ റോഡിൽ പലയിടത്തും ടാറിങ് അടക്കം കുത്തിപ്പൊളിച്ചിട്ടുണ്ട്. കന്നൂര് വായനശാല -നായരുകണ്ടി റോഡിൽ അപകടകരമായ അവസ്ഥയിലാണ് കുഴി എടുത്തിട്ടുള്ളത്.
കുഴി നികത്തിയ സ്ഥലങ്ങളിലാകട്ടെ വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയുണ്ട്. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡുകളാണ് കീറിയിട്ടുള്ളത്. പ്രവൃത്തി അവസാനിക്കുന്ന മുറക്ക് റോഡുകൾ പഴയപടിയാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.