മാതാംതോട്ടിൽ ശുചിമുറി മാലിന്യം തള്ളി
text_fieldsഉള്ള്യേരി: സംസ്ഥാനപാതയിൽ ഈസ്റ്റ് മുക്കിന് സമീപം മാതാംതോട്ടിൽ ശുചിമുറിമാലിന്യം തള്ളി. ഞായറാഴ്ച അർധരാത്രിയോടെയാണ് ടാങ്കർ ലോറിയിൽനിന്ന് മാലിന്യം തോട്ടിലേക്ക് ഒഴുക്കിയത്.
ഉള്ള്യേരി അങ്ങാടിയുടെ ഹൃദയഭാഗത്തുകൂടെ മൂന്നു കിലോമീറ്ററോളം നീളത്തിൽ ഒഴുകുന്ന തോടാണിത്. നിരവധിപേർ ഈ തോട്ടിലെ വെള്ളം അലക്കുന്നതിനും കാർഷികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ട്. മുമ്പും പലതവണ ഇതേ സ്ഥലത്ത് മാലിന്യം തള്ളിയിരുന്നു. കാര്യമായ അന്വേഷണങ്ങൾ നടത്താത്തതുകൊണ്ട് മാലിന്യം തള്ളുന്ന സംഭവം വീണ്ടും ആവർത്തിക്കുകയാണ്.
വൻ തുക ഈടാക്കി ഫ്ലാറ്റുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ, വീടുകൾ എന്നിവിടങ്ങളിലെ സെപ്റ്റിക് ടാങ്കുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഈ രീതിയിൽ പൊതുസ്ഥലങ്ങളിലും കുടിവെള്ള സ്രോതസ്സുകളിലും നിർബാധം ഒഴുക്കിവിടുന്നത്.
രാത്രികാലങ്ങളിൽ ടാങ്കർ റോഡരികിൽ പാർക്ക് ചെയ്തശേഷം വലിയ പൈപ്പ് ഉപയോഗിച്ചാണ് മാലിന്യം തള്ളുന്നത്. കണയങ്കോട് ഭാഗത്തും തെരുവത്ത് കടവിലും നേരത്തെ ഇതേരീതിയിൽ ശുചിമുറിമാലിന്യം തള്ളിയിരുന്നു.
അതേസമയം, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഈ നിയമലംഘനത്തിനെതിരെ ഗ്രാമപഞ്ചായത്തിന്റെയോ പൊലീസിന്റെയോ ഭാഗത്തുനിന്ന് കാര്യക്ഷമമായ അന്വേഷണങ്ങൾ ഉണ്ടാവുന്നില്ല എന്നതാണ് സത്യം. മാലിന്യം തള്ളിയ പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിച്ചാൽ പ്രതികളെ പിടികൂടാൻ കഴിയും.
ആരോഗ്യവകുപ്പും പഞ്ചായത്തധികൃതരും സ്ഥലത്തെത്തി ക്ലോറിനേഷൻ നടത്തുന്നതിലപ്പുറം കാര്യമായ തുടർനടപടികൾ ഉണ്ടാവാറില്ല എന്നത് നിയമലംഘകർക്ക് തുണയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.