ഉമ്മുകുല്‍സു വധം: ഭര്‍ത്താവ് പിടിയിൽ
text_fields
എകരൂല്‍/കോട്ടക്കൽ: കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഉമ്മുകുല്‍സു കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന ഭര്‍ത്താവ് കോട്ടക്കൽ പൊലീസിെൻറ പിടിയിലായി. നിരവധി കേസുകളിൽ പ്രതിയായ എടരിക്കോട് അമ്പലവട്ടം സ്വദേശി കൊയപ്പകോവിലകത്ത് താജുദ്ദീനെയാണ് തിങ്കളാഴ്ച അർദ്ധരാത്രിയോടെ എസ്.എച്ച്.ഒ എം.കെ ഷാജിയും സംഘവും പിടികൂടിയത്. ഇയാളെ ബാലുശ്ശേരി പൊലീസിന് കൈമാറും. കേസിൽ ഒന്നാം പ്രതിയാണ് താജുദ്ദീൻ.
അതേസമയം താജുദ്ദീെൻറ സുഹൃത്തുക്കളും മലപ്പുറം തിരൂര്‍ ഇരിങ്ങാവൂര്‍ സ്വദേശികളുമായ ആദിത്യന്‍ ബിജു(19), ജോയല്‍ ജോര്‍ജ് (19) എന്നിവരെ ബാലുശ്ശേരി സി.ഐ എം.കെ. സുരേഷ്കുമാര്‍ നേരത്തെ അറസ്റ്റുചെയ്തിരുന്നു. മൂന്നു ദിവസമായി കസ്റ്റിഡിയിലുള്ള ഇവരെ ഐ.പി.സി 302 പ്രകാരമാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ താജുദ്ദീെൻറ സഹായികളാണ് ഇരുവരുമെന്നും പൊലീസ് അറിയിച്ചു. രണ്ടും മൂന്നും പ്രതികളാണ് ഇവര്‍.
സംഭവ ദിവസം വൈകീട്ട് മര്‍ദനമേറ്റ് അവശനിലയിലായ ഉമ്മുകുല്‍സുവിനെ ആശുപത്രിയിലെത്തിക്കാന്‍ വീര്യമ്പ്രത്തുള്ള സുഹൃത്തിനെ ഏല്‍പ്പിച്ച് താജുദ്ദീന്‍ കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് യുവതിയെ മരിച്ചനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രഹസ്യ കാമുകനുണ്ടെന്ന് സംശയിച്ച് ഇയാള്‍ ദിവസങ്ങളോളം ഉമ്മുകുല്‍സുവിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. മര്‍ദനം സഹിക്കവയ്യാതെ യുവതി നേരേത്ത സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അടുത്തിടെയാണ് താജുദ്ദീെൻറ വീട്ടിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുവന്നത്. ഉമ്മുകുൽസു മറ്റൊരു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തിലാണ് സംഭവ ദിവസം താജുദ്ദീന്‍ ഇവരെ കാറില്‍ നാട്ടിലേക്ക് കൊണ്ടുപോയത്.
നാട്ടിലെ വാടക വീട്ടില്‍വെച്ചും കാറില്‍വെച്ചും യുവതിയെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. താജുദ്ദീനും കുടുംബവും സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവറാണ് അറസ്റ്റിലായ രണ്ടാംപ്രതി ആദിത്യന്‍ ബിജു. ആദിത്യനെയും ജോയലിനെയും പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.