പൊടിയും ചൂടും താങ്ങാനാവാതെ തൊഴിലാളികൾ നാടുവിടുന്നു
text_fieldsകോഴിക്കോട്: കനത്ത ചൂടും പൊടിയും താങ്ങാനാവാതെ അന്തർ സംസ്ഥാന തൊഴിലാളികൾ നാടൊഴിയുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള പെൺതൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് പ്രതികൂല കാലാവസ്ഥയിൽ ഏറെയും നാട്ടിലേക്ക് മടങ്ങുന്നത്. ചൂട് ഏറെ അനുഭവപ്പെടുന്ന പെട്രോൾ പമ്പുകളിലും മറ്റും ജോലി ചെയ്യുന്നവരാണ് മടങ്ങിയവരിൽ ഏറെയും.
എ.സി മുറികളിൽ ജോലി ചെയ്യുന്നവർ ജോലി വിട്ട് ഏറെയൊന്നും പോയിട്ടില്ല. മിസോറം, മേഘാലയ, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലുള്ള ഏറെ തൊഴിലാളികൾ നഗരത്തിലുണ്ടായിരുന്നു. ചൂടു കൂടിയതോടെ തെരഞ്ഞെടുപ്പും നാട്ടിലെ ഉത്സവങ്ങളും പറഞ്ഞാണ് നാട്ടിൽപോയത്. പത്തോളം അന്തർ സംസ്ഥാന തൊഴിലാളികളുണ്ടായിരുന്ന നഗരത്തിലെ പെട്രോൾ പമ്പിൽനിന്ന് മുഴുവൻ പേരും പോയതായി ഉടമ പറഞ്ഞു. തങ്ങളുടെ ബന്ധുക്കൾ ജോലിചെയ്യുന്ന ചൂടുകുറഞ്ഞ ഊട്ടിയിലേക്കാണ് ചിലർ പോയത്. തണ്ണീർപന്തലിലുള്ള പെട്രോൾ പമ്പിൽനിന്ന് മുഴുവൻ ഇതരസംസ്ഥാന തൊഴിലാളികൾ പോയതായി ഉടമ പറഞ്ഞു. പുതിയ തൊഴിലാളികൾക്കുവേണ്ടി ഏജൻസിയെ സമീപിച്ചെങ്കിലും തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന് പമ്പ് ഉടമകൾ പറഞ്ഞു. താമസസൗകര്യത്തിന് പുറമെ മാസത്തിൽ 16000ത്തോളം രൂപയായിരുന്നു ഏജൻസി മുഖാന്തരം ഇവർക്ക് നൽകിയത്. ചിലർ ജില്ല മാറി ഹോട്ടലുകളിൽ ചേക്കേറിയിരിക്കുകയാണ്.
ബ്യൂട്ടി പാർലറുകളിലും സൂപ്പർമാർക്കറ്റുകളിലും തൊഴിലാളികൾ ഒഴിഞ്ഞുപോയിട്ടില്ലെന്നാണ് ഉടമകൾ പറയുന്നത്. നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട തൊഴിലാളികൾക്കും ക്ഷാമമുള്ളതായി ഏജൻസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.