അൺ എയ്ഡഡ് സ്കൂളുകൾ; പ്രശ്നപരിഹാര സംവിധാനം വേണമെന്ന് ആവശ്യം
text_fieldsകോഴിക്കോട്: 24 വർഷം നീണ്ട അധ്യാപന ജോലിയിൽനിന്ന് പിരിച്ചുവിടുമ്പോൾ ആ അധ്യാപിക മാനേജ്മെന്റിനോട് പറഞ്ഞ പ്രധാന പ്രശ്നം ഭർത്താവിന് ശ്വാസകോശ അർബുദമാണെന്നോ ജീവിക്കാൻ മറ്റു വഴികളില്ലെന്നോ അല്ലായിരുന്നു. സ്വന്തമായി കുട്ടികളില്ലാത്ത തന്റെ സ്വന്തം കുട്ടികളാണ് വിദ്യാർഥികൾ. അവരെ പിരിയാൻ വയ്യ, റിട്ടയർമെന്റ് വരെ സ്കൂളിൽതന്നെ തുടരാൻ അനുവദിക്കണം എന്ന രജനി ടീച്ചറുടെ ആവശ്യം പക്ഷേ, പരിഗണിച്ചതേയില്ല മാനേജ്മെന്റ്. പിരിച്ചുവിടലിനെതിരെ ടീച്ചർമാർ സമരം ചെയ്തെങ്കിലും കോടതിയുടെ പരിഗണനയിലാണ് ഇപ്പോൾ കേസ്. ഇത്തരം നിരവധി പരാതികളാണ് അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപികമാർ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിന് വനിത കമീഷൻ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ്ങിൽ ഉന്നയിക്കപ്പെട്ടത്.
പുരുഷന്മാരേക്കാൾ 85 ശതമാനത്തോളം വനിതകൾ ജോലിയെടുക്കുന്ന മേഖലയാണ് അൺ എയ്ഡഡ് അധ്യാപന മേഖല. അൺ എയ്ഡഡ് മേഖലയിൽ ജോലിചെയ്യുന്ന 99 ശതമാനം സ്ത്രീകളും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മാനസിക പീഡനം അനുഭവിക്കുന്നവരാണ്. പ്രതികരിച്ചാൽ ജോലി പോകും. അതല്ലെങ്കിൽ മറ്റു രീതിയിലുള്ള ഭീഷണിയോ അടിച്ചമർത്തലോ നേരിടേണ്ടിവരും. അതാണ് അവസ്ഥ.
ചെർപ്പുളശ്ശേരിയിലെ അൺ എയ്ഡഡ് സ്കൂളിൽ പഠിപ്പിച്ചിരുന്ന നസീമ ടീച്ചറെ പിരിച്ചുവിട്ടത് സംഘടന പ്രവർത്തനം നടത്തിയതിനും ഗ്രാറ്റ്വിറ്റി വേണമെന്ന് ആവശ്യപ്പെട്ടതിനുമായിരുന്നു. ഓൺലൈൻ ക്ലാസിൽവെച്ച് ടീച്ചർ വിദ്യാർഥിനിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നായിരുന്നു കുറ്റം. മാനേജ്മെന്റ് പ്രതിനിധിയുടെ മകളായിരുന്നു പരാതിക്കാരി. വിദ്യാർഥിനി പരാതി പിൻവലിക്കാൻ തയാറാണ്, പക്ഷേ ടീച്ചർ രാജിവെക്കണം. ഇല്ലെങ്കിൽ പരാതിയുമായി മുന്നോട്ടുപോകുമെന്നായിരുന്നു മാനേജ്മെന്റിന്റെ ഭീഷണി. ചെർപ്പുളശ്ശേരി ജില്ല പഞ്ചായത്ത് മെംബറായ തന്റെ ഗതി ഇതാണെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കുമെന്നാണ് നസീമ ടീച്ചറുടെ ചോദ്യം. അണ് എയ്ഡഡ് സ്കൂള്‍ മേഖലയിലെ പ്രശ്നങ്ങള്‍ ഉന്നയിക്കാൻ ഒരു ഇടമില്ലെന്നും അത്തരത്തിൽ ഒരു സംവിധാനം ഉണ്ടാകണമെന്നുമാണ് അധ്യാപികമാർ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതിന് സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിക്കുമെന്ന് പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്ത വനിത കമീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പ്രധാന പങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണ് അണ് എയ്ഡഡ് സ്കൂളുകള്‍. ഇവിടെ നിയമിക്കപ്പെടുന്നവർ ബിരുദാനന്തര ബിരുദമോ ഗവേഷണ പരിചയമോ ഒക്കെയുള്ളവരാണ്. ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മേഖലയിലെ അധ്യാപകരും അനധ്യാപകരും ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് ജനകീയ ഇടപെടലിലൂടെ സാധിക്കുമെന്നും വനിത കമീഷന് അധ്യക്ഷ പറഞ്ഞു.
അണ് എയ്ഡഡ് സ്കൂള്‍ മേഖലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും ശമ്പള സ്ഥിതി സങ്കടകരമാണെന്ന് അധ്യക്ഷത വഹിച്ച വനിത കമീഷനംഗം വി.ആര്. മഹിളാമണി പറഞ്ഞു. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് പ്രായം ഏറിയതുമൂലം പി.എസ്.സി പരീക്ഷ എഴുതുന്നതിനോ മറ്റു സ്ഥാപനങ്ങളിലേക്കു പോകുന്നതിനോ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും അവർ പറഞ്ഞു.
ഏതു സമയവും പിരിച്ചുവിടാവുന്ന കൃത്യമായ തൊഴില്‍ സേവന, വേതന വ്യവസ്ഥകളില്ലാത്ത മേഖലയാണ് അണ് എയ്ഡഡ് വിദ്യാഭ്യാസ രംഗമെന്ന് കെ.കെ. രാമചന്ദ്രന് എം.എൽ.എ പറഞ്ഞു. അണ് എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി വേണു കക്കട്ടില്‍ ചര്‍ച്ച നയിച്ചു. വനിത കമീഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്, ട്രേഡ് യൂനിയന്‍ നേതാവ് അഡ്വ. എം. രാജന്, എ.ആര്. അര്‍ച്ചന, അണ് എയ്ഡഡ് മേഖലയിലെ അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അധ്യാപകരുടെ പ്രധാന പരാതികൾ
● ശമ്പള വർധനയില്ല
● അവധിക്കാലങ്ങളിൽ ശമ്പളം തന്നെയില്ല
● 11 മാസത്തെ കരാറിലാണ് ജോലി ചെയ്യുന്നത്
● ഓരോ വർഷവും അതേ സ്കൂളിൽ പരീക്ഷയും
അഭിമുഖവും നടത്തിയാണ് നിയമിക്കപ്പെടുന്നത്
● ആകെയുള്ള എട്ട് പിരിയഡുകളിൽ ഏഴിലും
ജോലിയെടുക്കേണ്ടിവരുന്നു
● ക്ലാസുകളിൽ ഇരിക്കാൻ അനുവാദമില്ലാത്തതു
കൊണ്ട് കസേരപോലുമില്ല
● അനുവദിക്കപ്പെട്ട പ്രസവാവധി എടുക്കാൻ
കഴിയാറില്ല
● കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം ഇപ്പോഴും
കൃത്യമായി നൽകുന്നില്ല
● ഗ്രാറ്റ്വിറ്റിയോ ഇ.എസ്.ഐ ആനുകൂല്യങ്ങളോ ഇല്ല
● ചില സ്കൂളുകളില്‍ ജീവനക്കാരുടെ ശമ്പളം
മാനേജറുടെ അക്കൗണ്ടിലേക്ക് തിരികെ നല്‍കേണ്ട സ്ഥിതി നിലവിലുണ്ട്
● തൊഴിൽ സുരക്ഷയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.