അനധികൃത ബോർഡുകൾ; അധികൃതർക്ക് അനക്കമില്ല
text_fieldsകോഴിക്കോട്: പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ തദ്ദേശ വകുപ്പ് ഉത്തരവിറക്കിയിട്ടും കോർപറേഷന് മെല്ലെപ്പോക്ക് നയം.
നഗരത്തിലെ പ്രധാന ജങ്ഷനുകളിലെല്ലാം കാൽനടക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നതരത്തിൽ സ്ഥാപിച്ച വലുതും ചെറുതുമായ ബോർഡുകൾ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. ഭീഷണിയാകുന്ന ബോർഡുകൾ ഉടൻ നീക്കം ചെയ്യാൻ സർക്കാർതലത്തിൽ തന്നെ നിരവധി തവണ ആവശ്യപ്പെട്ടത് നടപ്പായിരുന്നില്ല.
തുടർന്ന് ഹൈകോടതി താക്കീതുനൽകിയതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ അനധികൃത ബോർഡുകൾ പിടിച്ചെടുത്ത് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും സംഘടനകൾക്കും 5,000 രൂപവരെ പിഴയീടാക്കാൻ തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉത്തരവിറക്കിയത്.
ഉത്തരവിറങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും നഗരത്തിലെ ബോർഡുകൾ എടുത്തുമാറ്റാൻ കാര്യമായ നടപടിയുണ്ടായിട്ടില്ല. പാതയോരങ്ങൾ, നടപ്പാതകൾ, കൈവരികൾ, റോഡുകളുടെ സെന്റർ മീഡിയൻ, ട്രാഫിക് ഐലൻഡ് എന്നിവിടങ്ങളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവയാണ് നീക്കാനാവശ്യപ്പെട്ടത്.
കോഴിക്കോട് നഗര പരിധിയിലെ കണ്ണൂർ റോഡ്, വയനാട് റോഡ്, മാവൂർ റോഡ്, കല്ലായി റോഡ്, ബീച്ച് റോഡ് എന്നിവിടങ്ങളിലെല്ലം അനധികൃത ബോർഡുകൾ നിരവധിയുണ്ട്. മാവൂർ റോഡിലുൾപ്പെടെ ബോർഡുകളും മറ്റും സ്ഥാപിച്ചത് കാൽനട യാത്രക്കാരുടെ തലതട്ടുന്ന ഉയരത്തിലാണ് എന്നതിനാൽ അപകടവും തുടർക്കഥയാണ്. സമ്മേളനങ്ങളും മറ്റും കഴിഞ്ഞാൽ ബോർഡുകൾ സംഘാടകർ നീക്കുന്നുമില്ല.
സി.എച്ച് മേൽപാലത്തിന് സമീപം, മാവൂർ റോഡ് ജങ്ഷൻ, അരയിടത്തുപാലം, എരഞ്ഞിപ്പാലം ജങ്ഷൻ, പാളയം അടക്കമുള്ള നഗരത്തിലെ ഒട്ടുമിക്ക പ്രധാന ട്രാഫിക് പോയന്റുകളിലെയും നടപ്പാതകളിൽ തോന്നിയപോലെയാണ് കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചത്. പലതും ശക്തമായ കാറ്റിലും മഴയിലും ചാഞ്ഞുവീണ അവസ്ഥയിലുമാണ്.
കണ്ണൂർ റോഡിലും വയനാട് റോഡിലും കുറ്റൻ പരസ്യബോർഡുകൾ അപകട ഭീഷണിയിലായത് നേരത്തേ ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. തുടർന്ന് മനുഷ്യാവകാശ കമീഷൻ കോർപറേഷൻ സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് തേടുകയടക്കം ചെയ്തെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല.
സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾക്കപ്പുറം വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും മത സാമുദായിക പ്രസ്ഥാനങ്ങളുടെയും ബോർഡുകളും കൊടിതോരണങ്ങളുമാണ് പാതയോരങ്ങളിൽ ഏറെയുമുള്ളത് എന്നതിനാലാണ് നിയമം കർശനമായി നടപ്പാക്കുന്നതിൽ അധികൃതർ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതെന്നും വിമർശനമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.