പെരിഞ്ചേരി കടവിൽ അനധികൃത മണൽകടത്ത്; ഒരാൾ പിടിയിൽ
text_fieldsവടകര: തിരുവള്ളൂർ പെരിഞ്ചേരി കടവിൽ അനധികൃത മണൽകടത്ത് റവന്യൂ-പൊലീസ് സംയുക്ത പരിശോധനയിൽ പിടികൂടി. ബുധനാഴ്ച രാവിലെ 6.30ഓടെ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് പരിശോധന നടത്തിയത്. കടവിൽ മണൽ എത്തിച്ച തോണിയും ടിപ്പർ ലോറിയും പിടിച്ചെടുത്തു. പരിശോധനക്കിടെ തോണിയിലുണ്ടായിരുന്ന രണ്ടു പേർ പുഴയിൽ ചാടി നീന്തിരക്ഷപ്പെട്ടു. ടിപ്പർ ഡ്രൈവർ ആവള സ്വദേശി കരിങ്ങാട്ടുമ്മൽ രാജേഷിനെ പിടികൂടി ഇയാൾക്കെതിരെ കേസെടുത്തു. പിടിച്ചെടുത്ത ഒന്നര ലോഡ് മണൽ തിരുവള്ളൂർ വില്ലേജ് അധികൃതർക്ക് കൈമാറി. ടിപ്പർ വടകര പൊലീസ് സ്റ്റേഷനിലേക്കും തോണി താലൂക്ക് ഓഫിസ് കോമ്പൗണ്ടിലേക്കും മാറ്റി.
പെരിഞ്ചേരി കടവിൽ അനധികൃത മണൽകടത്ത് നടക്കുന്നുണ്ടെന്ന് പ്രദേശവാസികളിൽനിന്നും പരാതി ഉയർന്നിരുന്നു. കുറ്റിക്കാലുകൾ സ്ഥാപിച്ച് വാഹനം കടന്നു പോകാതിരിക്കാൻ ബ്ലോക്ക് ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർക്ക് റവന്യൂ അധികൃതർ നിർദേശം നൽകിയിരുന്നു. വാഹനങ്ങൾ കടവിലേക്ക് പോകാൻ പ്രയാസമില്ലാത്തതിനാലാണ് അനധികൃത മണൽകടത്ത് വർധിക്കാനിടയാകുന്നതെന്ന് അധികൃതർ പറഞ്ഞു. രക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞതായും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റവന്യൂ അധികൃതർ വ്യക്തമാക്കി. ഡെപ്യൂട്ടി തഹസിൽദാർ വി.കെ. സുധീർ, വടകര സി.ഐ പി.കെ. ജിജേഷ്, തിരുവള്ളൂർ വില്ലേജ് ഓഫിസർ ശാലിനി, കൺട്രോൾ റൂം എസ്.ഐമാരായ ശശീന്ദ്രൻ, നൗഷാദ്, സീനിയർ സി.പി.ഒ അഷറഫ് ചിറങ്കര, സി.പി.ഒ ശ്രീലേഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.