താങ്ങില്ല ഈ ജീവിതച്ചെലവ്; ഇനിയെന്തു ചെയ്യും?
text_fieldsകോഴിക്കോട്: രണ്ടുവർഷം നീണ്ട കോവിഡ് പ്രതിസന്ധി സാധാരണക്കാരുടെ ജീവിതത്തിെൻറ നടുവൊടിച്ചതാണ്. ഇതിൽനിന്ന് നിവർന്നു വരുമ്പോൾ ഇരുട്ടടിയായി വൻ വിലവർധനയാണ് കാത്തിരിക്കുന്നത്. പെട്രോൾ, ഡീസൽ, പാചക വാതകം, കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്, വെള്ളക്കരം, വാഹന-ഭൂമി രജിസ്ട്രേഷൻ, വാഹനങ്ങൾക്ക് ഹരിത നികുതി, ബസ്, ഓട്ടോ ചാർജ്, ടോൾ നിരക്ക്, മരുന്നുവില തുടങ്ങി ജീവിക്കാൻവേണ്ട അടിസ്ഥാന ആവശ്യങ്ങൾക്കെല്ലാം വില കുത്തനെ വർധിച്ചു.
വീട്ടിലും സ്ഥാപനങ്ങളിലും ഗാർഹിക-ഗാർഹികേതര ആവശ്യങ്ങൾക്കായി ലഭ്യമാക്കുന്ന കുടിവെള്ളത്തിന് അഞ്ചു ശതമാനമാണ് നികുതി വർധന. എല്ലാ വർഷവും വർധന ഉണ്ടാവുകയും ചെയ്യും. പെട്രോൾ- ഡീസൽ വില 10 ദിവസത്തിനിടെ ഒമ്പതു തവണയാണ് വർധിച്ചത്. 110 രൂപയാണ് ലിറ്റർ പെട്രോളിന് നിലവിലെ വില; ഡീസലിന് 100 രൂപയും. സി.എൻ.ജിക്ക് ഒരുദിവസംകൊണ്ട് ഏഴ് രൂപയാണ് വർധിച്ചത്. നിലവിൽ കിലോക്ക് 82 രൂപയാണ്.
ഇന്ധന വിലവർധന കാരണം പച്ചക്കറി ഉൾപ്പെടെയുള്ള ചരക്കുകളുടെ വിലയും വർധിക്കുമെന്ന ആശങ്കയിലാണ് ജനം. കഴിഞ്ഞദിവസം കിലോ 10 രൂപക്ക് ലഭിച്ചിരുന്ന തക്കാളി വെള്ളിയാഴ്ച 20 രൂപക്കാണ് പാളയം മാർക്കറ്റിൽ വിറ്റത്. ബീൻസിന് 60 രൂപയുണ്ടെന്നും വ്യാപാരികൾ പറയുന്നു. പാചക വാതകമാണ് കുടുംബങ്ങളെ പൊള്ളിക്കുന്ന മറ്റൊന്ന്. 950 രൂപയാണ് വീട്ടുപയോഗത്തിനുള്ള പാചകവാതകത്തിെൻറ വില. വീട്ടിലേക്ക് കൊണ്ടുവരുന്നയാൾക്ക് 50 രൂപ കടത്തുകൂലിയും നൽകണം. 1000 രൂപയാണ് സിലിണ്ടർ ഒന്നിന് ചെലവാകുക.
ഒന്നരമാസത്തിൽ കൂടുതൽ ഒരു സിലിണ്ടർ നിൽക്കില്ല. എല്ലാ മാസവും 1000 രൂപ ഈ വകയിൽ കണ്ടെത്തേണ്ടതുണ്ട്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 250 രൂപയോളമാണ് വർധിച്ചത്. ഇത് ഹോട്ടൽ ഭക്ഷണത്തിെൻറ വിലയിലും വർധനയുണ്ടാക്കുന്നു.
ഇതിനിടെയാണ് ഓട്ടോ ടാക്സി, ബസ് ചാർജ് വർധനയും വരുന്നത്. ഓട്ടോക്ക് മിനിമം 30 രൂപയും ബസിന് 10 രൂപയുമായാണ് വർധിപ്പിക്കുന്നത്. ഈ വിലവർധന ലക്ഷക്കണക്കിന് സാധാരണക്കാരെയാണ് ബാധിക്കുന്നത്. എന്നാൽ, ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുമ്പോൾ ചാർജ് വർധനകൊണ്ട് പിടിച്ച് നിൽക്കാനാകില്ലെന്നാണ് ഓട്ടോ തൊഴിലാളികൾ പറയുന്നത്. വർഷാവർഷം എടുക്കേണ്ട ഫിറ്റ്നസ് സർട്ടിഫിക്കിന് വൻ ചാർജ് വർധനയാണ്. 400 രൂപയിൽനിന്ന് 4300 രൂപയിലേക്കാണ് വർധിപ്പിച്ചിരിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികൾക്ക് തൊഴിലെടുത്തുപോലും ജീവിക്കാനാവില്ലെന്ന സ്ഥിതിയാണെന്നും ഓട്ടോ ഡ്രൈവർമാർ പറയുന്നു.
എല്ലാം സി.എൻ.ജിയിലേക്ക് മാറാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ, സി.എൻ.ജിക്ക് വേണ്ടത്ര ഔട്ട്ലറ്റുകളില്ല എന്നത് പോരായ്മ തന്നെയാണ്. ജില്ലയിൽ മൂന്നിടത്ത് മാത്രമാണ് സി.എൻ.ജി ഔട്ട്ലറ്റുള്ളത്. അതിൽ പലപ്പോഴും പലയിടങ്ങളിലും സി.എൻ.ജി തീർന്നുപോയിട്ടുണ്ടാകും. ഉള്ള സ്ഥലത്താണെങ്കിൽ രണ്ടും മൂന്നും മണിക്കൂർ നിൽക്കേണ്ടിയും വരുന്നു.
സി.എൻ.ജി കാറുകൾ കൂടി ഇറങ്ങിയതിനാൽ വരി കുറേക്കൂടി നീണ്ടിരിക്കുന്നു. സി.എൻ.ജി നിറക്കുന്നതിനായി ഒരുദിവസം മാറ്റിവെക്കേണ്ട അവസ്ഥയാണെന്നും ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. അതേസമയം, പെട്രോൾ -ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് സി.എൻ.ജി ലാഭകരമാണെന്ന് സി.എൻ.ജി ഓട്ടോഡ്രൈവറായ അശോകൻ പറഞ്ഞു. നിരന്തരമുള്ള വിലക്കയറ്റമാണ് പ്രശ്നം.
പെട്രോൾ -ഡീസൽ വിലവർധന ചരക്കുഗതാഗതത്തിെൻറ ചെലവ് വർധിപ്പിക്കുമ്പോൾ പച്ചക്കറികളും പൊള്ളുമെന്ന് പാളയത്തെ വ്യാപാരിയായ എ.ടി. അബ്ദു. കർണാടക, തമിഴ്നാട് ഭാഗങ്ങളിൽനിന്നാണ് പച്ചക്കറികൾ വ്യാപകമായി എത്തുന്നത്. ഉള്ളി, കിഴങ്ങ്, തക്കാളി തുടങ്ങി ഒഴിച്ചുകൂടാനാകാത്തവയെല്ലാം പുറത്തുനിന്ന് വരുന്നവയാണ്. നിലവിൽ വലിയ വർധന പച്ചക്കറിക്ക് ഇല്ലെങ്കിലും വരുംദിവസങ്ങളിൽ വില ഉയരാൻ സാധ്യതയുണ്ട്.
എ.ടി. അബ്ദു പച്ചക്കറി വ്യാപാരിനിലവിൽ അംഗീകരിച്ച ഓട്ടോ ചാർജ് വർധന പെട്രോൾ -ഡീസൽ വില 90 എത്തും മുമ്പ് ആവശ്യപ്പെട്ടതാണെന്ന് ഓട്ടോ ഫെഡറേഷൻ ജില്ല പ്രസിഡന്റ് കെ. ഷാജി പറഞ്ഞു. ഈ തുകകൊണ്ടൊന്നും ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകില്ല. എന്നാൽ, ഇനിയും ചാർജ് കൂട്ടിയാൽ ആളുകൾ വണ്ടിയിൽ കയറുന്നത് കുറയും. അതിനാൽ ഓട്ടോ തൊഴിലാളികൾക്ക് പെട്രോൾ -ഡീസൽ സബ്സിഡി നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും ഷാജി പറഞ്ഞു.
കെ. ഷാജി ഓട്ടോ ഡ്രൈവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.