ബൈപാസ് വീതികൂട്ടലിന്റെ മറവിൽ തണ്ണീർത്തടം മണ്ണിട്ട് നികത്തി
text_fieldsകോഴിക്കോട്: ബൈപ്പാസിൽ മലാപ്പറമ്പിനും ചേവരമ്പലത്തിനും ഇടക്ക് റോഡ് നവീകരണത്തിന്റെ മറവിൽ തണ്ണീർത്തടം മണ്ണിട്ട് നികത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. ബൈപാസ് വീതികൂട്ടൽ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനാണ് സ്വകാര്യ വ്യക്തിയുടെ എട്ടേക്കറോളം വരുന്ന തണ്ണീർത്തട ഭൂമിയിൽ മണ്ണിട്ട് നികത്താൻ കൂട്ടുനിന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. രണ്ടു ദിവസമായി മണ്ണിടൽ തകൃതിയായി നടക്കുന്നുണ്ടെങ്കിലും വെള്ളിയാഴ്ച രാവിലെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന്, പ്രവൃത്തികൾ തടഞ്ഞു.
പത്ത് മീറ്റർ ഉയരത്തിൽ ബൈപ്പാസിൽനിന്ന് 50 മീറ്ററോളം ഭാഗം നിലവിൽ നികത്തി. മണ്ണിട്ട് നികത്താനുള്ള ഭാഗങ്ങൾ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ബൈപാസ് ആറു വരി പാതയാക്കുന്നതിന്റെ പ്രവൃത്തികൾ നടക്കുന്നതിനാൽ റോഡിന്റെ ഇരുവശവും നിലവിൽ മണ്ണിട്ട് നികത്തുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഇട്ട മണ്ണാണ് തണ്ണീർത്തടത്തിലേക്ക് മണ്ണ്മാന്തി ഉപയോഗിച്ച് മാറ്റിയിട്ടത്. ബൈപ്പാസ് പ്രവൃത്തികൾക്ക് അനുയോജ്യമല്ലാത്തതിനാലാണ് മണ്ണ് തണ്ണീർത്തടത്തിലേക്കിട്ടതെന്നാണ് കരാറുകാരന്റെ വിശദീകരണം. പാച്ചാക്കിൽ ഓവുചാൽ അവസാനിക്കുന്ന ഭാഗമാണിത്.
കലുങ്കിന്റെ ഭൂരിഭാഗവും മണ്ണിട്ടുനികത്തിയിട്ടുണ്ട്. ഇതിനാൽ, പുൽപറമ്പ് കോളനി, മമ്മളിത്താഴം, പാച്ചാക്കിൽ, തോട്ടിൽപ്പീടിക പ്രദേശങ്ങളിൽ മഴക്കാലമായാൽ വെള്ളപ്പൊക്കം ഉണ്ടാവുമെന്നാണ് നാട്ടുകാർ പറയുന്നത്. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രവൃത്തികൾ നിർത്താൻ ആവശ്യപ്പെടുകയും മണ്ണ് നീക്കം ചെയ്യാനുള്ള നടപടിയെടുക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സ്ഥലത്ത് കൊടികൾ സ്ഥാപിച്ചു. ഭൂഉടമയും കരാറുകാരനും തമ്മിലുള്ള ഗൂഢാലോചനയാണിതെന്നാണ് നാട്ടുകാർ പറയുന്നത്.
സമീപ പ്രദേശങ്ങളിൽ ഇതിന് മുമ്പും സമാന സംഭവങ്ങൾ നടന്നിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്. അന്നമ്മ ജോർജെന്ന വ്യക്തിയുടെ സ്ഥലമാണിതെന്നാണ് റവന്യൂ അധികൃതർ പറയുന്നത്.
''കലക്ടറെ നേരിൽ കണ്ട് സംസാരിച്ചിരുന്നു. തണ്ണീർത്തടത്തിൽ മണ്ണിട്ട് നികത്താനുള്ള ഒരു അനുമതിയും നൽകിയില്ലെന്നാണ് കലക്ടർ പറഞ്ഞത്. ശനിയാഴ്ച എം.എൽ.എ സ്ഥലം സന്ദർശിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. രാത്രിയും പകലുമായി മണ്ണിട്ട് നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാലിത് ബൈപ്പാസ് വീതികൂട്ടലിന്റെ ഭാഗമാണെന്നായിരുന്നു കരുതിയത്. പിന്നീടാണ് വസ്തുത ബോധ്യമായത്. തുടർന്ന്, എൻ.എച്ച് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ കോടതി അനുമതി ഉണ്ടെന്നാണ് പറഞ്ഞത്. എന്നാൽ, ഉത്തരവിന്റെ പകർപ്പൊന്നും ഇവർക്ക് ഹാജരാക്കാനായില്ല''
എം.എൻ. പ്രവീൺ സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.