വിയോജിപ്പിനിടയിലും ഫാഷിസത്തിനെതിരെ ഏകീകരണം സാധ്യമാവണം -കെ.ഇ.എൻ
text_fieldsകോഴിക്കോട്: നൂറുകണക്കിന് വിയോജിപ്പിനിടയിലും വ്യത്യസ്ത രീതിയിൽ ഫാഷിസത്തോട് വിയോജിക്കുന്നവർ ഒരുപക്ഷത്തും ഫാഷിസം മറുവശത്തുമായുള്ള ധ്രുവീകരണം നടന്നാൽ ഇന്ത്യൻ ജനത ആഘോഷത്തോടെ ഫാഷിസത്തെ അതിജയിക്കുന്ന കാര്യം ഉറപ്പാണെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്.
ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്) പുസ്തകമേളയുടെ ഭാഗമായി ഇൻഡോർ സ്റ്റേഡിയം ഹാളിൽ ‘ഫാഷിസം ഇന്ത്യ അതിജീവിക്കുമോ’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധ്രുവീകരണത്തോടൊപ്പം അടിയിൽനിന്നുള്ള സാംസ്കാരിക പ്രവർത്തനവും കൂടിയുണ്ടായാൽ ഫാഷിസത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കാനാവാത്തവിധം ആക്രമണപരതയുടെ അടിത്തറ തകർത്ത് ഇന്ത്യൻ ജനതക്ക് മുന്നേറാനാവും.
ഗുജറാത്തിലടക്കം പലയിടത്തും ഫാഷിസം ആക്രമണത്തിന് ശ്രമിക്കുമ്പോൾ ഇന്ത്യൻ ജനത പ്രതിരോധിക്കുന്നുണ്ട്. മതനിരപേക്ഷത തന്നെയാണ് ഇന്ത്യൻ നവ ഫാഷിസത്തെ പ്രതിരോധിക്കാനുള്ള ഒരിക്കലും മൂർച്ചകുറയാൻ സാധ്യതയില്ലാത്ത ആയുധം. അതിന് വ്യത്യസ്ത സമീപനങ്ങളിൽ നിന്നുകൊണ്ടുതന്നെ ഓേരാരുത്തർക്കും എന്തു ചെയ്യാനാവുമെന്ന ആലോചനയാണ് വേണ്ടത്.
ഹിന്ദുത്വ ഫാഷിസത്തിനുപകരം ജാതിമേൽക്കോയ്മ ഫാഷിസമെന്നും ബി.ജെ.പിയുടെ പൂർണരൂപം ബ്രാഹ്മണിക്കൽ ജാതീയ പാർട്ടിയെന്നും പറയുന്നതാണ് ഉചിതം. ആർ.എസ്.എസ് രൂപവത്കരണത്തിന് എത്രയോ മുമ്പുതന്നെ ആരംഭിച്ച ജാതി മേൽക്കോയ്മ സൃഷ്ടിക്കാനുള്ള നടപടികളുടെ ഭാഗമായ നവ ഇന്ത്യൻ ഫാഷിസവും ജർമനിയിലെ ഫാഷിസവും തമ്മിൽ അന്തരമുണ്ടെന്നും കെ.ഇ.എൻ പറഞ്ഞു.
ഫാഷിസത്തോട് വിയോജിക്കുന്നവരുടെ ഐക്യപ്പെടലാണ് അതിനെ അതിജയിക്കാനുള്ള ഒന്നാമത്തെ മാർഗമെന്ന് അധ്യക്ഷത വഹിച്ച ‘മാധ്യമം’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, വെൽഫെയർ പാർട്ടി പ്രസിഡന്റ് റസാഖ് പാലേരി, ബാബുരാജ് ഭഗവതി, വി.എ. കബീർ തുടങ്ങിയവർ സംസാരിച്ചു.
കെ.ടി. ഹുസൈൻ സ്വാഗതവും എൻ.കെ. അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു. ‘ഇസ്ലാമിക ചിന്തയിലെ നൂതന പ്രവണതകൾ’ എന്ന പ്രഭാഷണം ഡോ. പി.കെ. സാദിഖ് നിർവഹിച്ചു. പുസ്തകമേള ഞായറാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.