ഉണ്ണികുളെത്ത പൗരത്വ ഭേദഗതി സമരം: പങ്കെടുത്ത നേതാക്കൾക്കെതിരെ കേസ്
text_fieldsഎകരൂൽ: ഉണ്ണികുളത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത വിവിധ രാഷ്ട്രീയ, മത സംഘടന നേതാക്കൾക്കെതിരെ കേസ്. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് (കോൺഗ്രസ്), മുൻ എം.എൽ.എ യും ലീഗ് നേതാവുമായ വി.എം. ഉമർ, യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, ലീഗ് ജില്ല കമ്മിറ്റി അംഗം സി.പി. ബഷീർ എസ്റ്റേറ്റ്മുക്ക്, ഭരണഘടന സംരക്ഷണ സമിതി ചെയർമാൻ അബ്ദുൽ ലത്തീഫ് അഹ്ദൽ അവേലം, മുസ്ലിംലീഗ് ജില്ല സെക്രട്ടറി നാസർ എസ്റ്റേറ്റ്മുക്ക്, വെൽഫെയർ പാർട്ടി ബാലുശ്ശേരി മണ്ഡലം പ്രസിഡൻറ് കെ. സുബൈർ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ പരിപാടികളിൽ പങ്കെടുത്ത ഉണ്ണികുളത്തെ രണ്ടു സി.പി.എം നേതാക്കൾക്കും നോട്ടീസ് ലഭിച്ചതായാണ് വിവരം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉണ്ണികുളത്ത് മുസ്ലിം കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലും ഉണ്ണികുളം പഞ്ചായത്തിെൻറ നേതൃത്വത്തിലും സി.പി.എമ്മിെൻറ നേതൃത്വത്തിലും വ്യത്യസ്ത ദിവസങ്ങളിലായി പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. എന്നാൽ ഏത് പരിപാടിയുടെ പേരിൽ എന്ന് വ്യക്തമാക്കാതെയാണ് കേസെടുത്തതെന്ന് നോട്ടീസ് ലഭിച്ചവർ പറഞ്ഞു. പൊലീസിെൻറ മുൻകൂർ അനുമതി തേടിയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലി നടത്തിയതെങ്കിലും വിവിധ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയായിരുന്നുവെന്നും നേതാക്കൾ ആരോപിച്ചു. നിയമവിരുദ്ധമായി സംഘംചേരൽ, ഗതാഗത തടസ്സമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെന്ന് നോട്ടീസിൽ പറയുന്നു.
പൊതുമുതൽ നശിപ്പിക്കുകയോ നിയമ വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലെന്നും മുൻകൂട്ടി അനുമതി വാങ്ങി നടത്തിയ വിവിധ റാലികളിൽ പങ്കെടുത്തവർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തത് ന്യായീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.