ജലനിധിക്കായ് വെട്ടിയ കുഴിയിലെ അശാസ്ത്രീയ കോൺക്രീറ്റിൽ ചാടി യാത്രക്കാരുടെ നടുവൊടിയുന്നു
text_fieldsനാദാപുരം: റോഡിൽ വെട്ടിയ കുഴിയിലെ അശാസ്ത്രീയ കോൺക്രീറ്റ് കുഴിയിൽ ചാടി യാത്രക്കാരുടെ നടുവൊടിയുന്നു. കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ പല സ്ഥലങ്ങളിലും റോഡിനു കുറുകെ ജല നിധിക്കുവേണ്ടി കുഴിയെടുത്തിരുന്നു. കുഴികളിൽ പലതും ശരിയായ നിലക്ക് സിമന്റ് കൊണ്ട് മൂടിയിട്ടില്ല. റബറൈസ്ഡ് റോഡിന്റെ പല ഭാഗങ്ങളിലും രൂപപ്പെട്ട വിള്ളലോടുകൂടിയ കുഴികൾ വാഹന യാത്രക്കാർക്ക് കനത്ത ഭീഷണി ഉയർത്തുകയാണ്. ടൂ വീലറുകളിൽ സഞ്ചരിക്കുന്നവരാണ് ഏറെ അപകടത്തിൽ പെടുന്നത്.
കുഴിയിൽ ചാടിയാൽ പിന്നെ നിയന്ത്രണം നഷ്ടമാവുന്നു. പ്രത്യേകിച്ച് ഉയരം കുറഞ്ഞ ചക്രങ്ങളുള്ള ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ. വാരിക്കുഴികൾ കാരണം പ്രയാസമനുഭവിച്ചാണ് വാഹനങ്ങൾ ഇതിലെ കടന്നുപോകുന്നത്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം അനേകമാളുകൾ ദിനേന സഞ്ചരിക്കുന്ന ഈ പാതയിൽ വലിയ അപകടമാണ് പതിയിരിക്കുന്നത്.
ജലനിധിക്കുവേണ്ടി കീറിയ റോഡിന്റെ വശങ്ങളും ശരിയായ നിലക്ക് എല്ലാ സ്ഥലത്തും മൂടിയിട്ടില്ല. ഇത് പൊതുമരാമത്ത് വകുപ്പാണോ ജല അതോറിറ്റിയാണോ ചെയ്യേണ്ടതെന്ന തർക്കവും നിലനിൽക്കുന്നു.
റോഡിൽ പണി ചെയ്യാനുള്ള അനുവാദം വാങ്ങിയും റിപ്പയറിങ്ങിന് ചെലവഴിക്കേണ്ട പണം പൊതുമരാമത്ത് വകുപ്പിൽ കെട്ടിവെച്ചശേഷമാണ് റോഡിൽ പ്രവൃത്തി ചെയ്യുന്നതെന്ന് ജലസേചന വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നു. ജൂണിലെ മഴക്കാലം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനംമൂലം റോഡിൽ ഉണ്ടാകുന്ന തിരക്കുകൾ എന്നിവ അപകടങ്ങൾ കൂടാൻ കാരണമാവും. അതിന് മുമ്പായി കുഴിയടച്ച് റോഡിലെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.