നിർമാണ മേഖലയിലെ വിലക്കയറ്റം തടയാനാകാത്തത് പ്രതിസന്ധി
text_fieldsകോഴിക്കോട്: നിർമാണ മേഖലയിലെ സാമഗ്രികളുടെ വിലക്കയറ്റം തടയാനാകാത്തത് പ്രതിസന്ധിയാകുന്നു. ഇതോടെ പുതുതായി വീടുവെക്കുന്നവരടക്കം നിരാശയിലാണ്. മഴക്കാലമായതിനാൽ നിർമാണപ്രവൃത്തികൾ പൊതുവെ കുറവാണ്. എന്നിട്ടുപോലും കമ്പി, സിമന്‍റ് തുടങ്ങിയവയുടെ വിലയിൽ കാര്യമായ കുറവില്ലെന്നാണ് പരാതി.
സാധനങ്ങളുടെ വില കുറയാത്തതിനാൽ പലരും ജോലി നീട്ടിവെക്കുകയാണ്. മഴക്കാലത്ത് കാര്യമായ വിൽപന നടക്കാത്തതിനാൽ സാധനങ്ങളുടെ വില നല്ലതോതിൽ കുറയാറുണ്ട്. എന്നാൽ ഇത്തവണ വലിയ മാറ്റമില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
കോൺക്രീറ്റിന് ഉപയോഗിക്കുന്ന കമ്പിക്ക് കിലോക്ക് പ്രാദേശിക വിപണിയിൽ 74 മുതൽ 80 രൂപവരെയാണ് ഇപ്പോഴത്തെ വില. സിമന്‍റിന് 340 മുതൽ 400 വരെയും.
ബോളറിന് ചെറിയ ടിപ്പറിനിറക്കിയാൽതന്നെ 3000 മുതൽ 3500 രൂപവരെ കൊടുക്കണം.
എം സാൻഡിന് ഫൂട്ടിന് 45 മുതൽ 54 വരെയും പി സാൻഡിന് 50 മുതൽ 60 രൂപവരെയും മെറ്റലിന് 35 മുതൽ 40 രൂപവരെയുമാണ് ഈടാക്കുന്നത്.
ക്രഷറിൽനിന്നും യാഡുകളിൽ നിന്നും സൈറ്റിലേക്കുള്ള ദൂരം കൂടി പരിഗണിച്ചാണ് വിലയിൽ വ്യത്യാസമുണ്ടാകുന്നത്.
നേരേത്ത മലപ്പുറത്തുനിന്നാണ് ജില്ലയിലേക്ക് വലിയ തോതിൽ വെട്ടുകല്ല് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ കണ്ണൂരിൽനിന്നാണ് കൊണ്ടുവരുന്നത്.
മട്ടന്നൂർ, പയ്യന്നൂർ, തളിപ്പറമ്പ് മേഖലകളിൽനിന്നെത്തിക്കുന്ന ഉറപ്പുള്ള കല്ലിന് ഒന്നിന് 55 രൂപ വരെയാണ് വില.
കൂടുതൽ കല്ലിറക്കുമ്പോൾ വലിയ വാഹനങ്ങളിലെത്തിച്ചാൽ വിലയിൽ നേരിയ കുറവുണ്ടാകും. 2021 മാർച്ചിൽ സിമന്‍റിന് ചാക്കിന് ശരാശരി 350 രൂപയും കമ്പിക്ക് കിലോക്ക് 65 മുതൽ 68 രൂപവരെയുമായിരുന്നു വില. കഴിഞ്ഞ മാർച്ചിൽ ഇത് കുത്തനെ ഉയർന്ന് സിമന്‍റ് വില 450 വരെയും കമ്പിവില 88വരെയും എത്തിയിരുന്നു. പിന്നീട് വില കുറഞ്ഞെങ്കിലും മുൻവർഷങ്ങളിൽ മഴക്കാലത്തുണ്ടാകാറുള്ള വിലക്കുറവ് ഇത്തവണ ഇല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
അതിനിടെ മഴ ശക്തമായി അടുത്തിടെ ജില്ലയിലടക്കം ചുവപ്പ് അലർട്ട് പ്രഖ്യാപിച്ചപ്പോൾ ക്വാറിയുടെയും ക്രഷറുകളുടെയും പ്രവർത്തനം ജില്ല ഭരണകൂടം നിർത്തിവെപ്പിച്ചിരുന്നു.
ഇതോടെ ക്ഷാമം പറഞ്ഞ് ചിലർ എം സാൻഡിനടക്കം വില വർധിപ്പിക്കുന്നുമുണ്ട്. നിർമാണമേഖലയിലെ സാമഗ്രികളുടെ വിലക്കയറ്റം തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട് ഈ മേഖലയിലെ വിവിധ സംഘടനകൾ പ്രക്ഷോഭം ആരംഭിച്ചതോടെ സർക്കാർ ചില നിയന്ത്രണങ്ങളും ഇടപെടലുകളും പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതൊന്നും കാര്യമായ ഫലം ചെയ്തില്ലെന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.