എങ്ങുമെത്താതെ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നവീകരണം
text_fieldsകോഴിക്കോട്: 2008ൽ നഗര പാത നവീകരണ പദ്ധതിയിൽ നന്നാക്കാൻ തീരുമാനിച്ച ഏഴു റോഡുകളിൽ ആറും പൂർത്തിയായിട്ടും നവീകരണം യാഥാർഥ്യമാകാത്ത മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് പണി 2024ൽ പൂർത്തിയാവുമെന്ന പ്രഖ്യാപനവും വെറുതെയാവുന്നു. രണ്ടാം പിണറായി സർക്കാർ വന്ന് രണ്ടുവർഷം പിന്നിട്ടപ്പോഴും പാത നവീകരണത്തിൽ ഒരു മുന്നേറ്റവുമില്ല.
2014 ഏപ്രിലിന് മുമ്പ് റോഡ് പൂർത്തീകരിക്കുമെന്ന് 2022 നവംബറിൽ നഷ്ടപരിഹാര തുക വിതരണച്ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥ അനാസ്ഥ കാരണം ആ വാക്ക് പ്രാവർത്തികമാകില്ലെന്ന് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്. കിഴക്കേ നടക്കാവിൽ റോഡിന്റെ ഇടുങ്ങിയ ഭാഗത്തുള്ള കടമുറികൾ ഇപ്പോഴും ഏറ്റെടുത്തിട്ടില്ല. ഏറ്റെടുത്ത സ്ഥലങ്ങളിൽ തന്നെ നിർമിതികൾ പൊളിച്ചുമാറ്റിയിട്ടില്ല.
യൂട്ടിലിറ്റി സർവിസുകളായ ട്രാൻസ്ഫോർമർ, ഇലക്ട്രിസിറ്റി ടെലിഫോൺ ലൈനുകൾ, വാട്ടർ ടാങ്ക് എന്നിവ മാറ്റിസ്ഥാപിച്ചിട്ടില്ല. കുറച്ച് സ്ഥലം കൂടി സർക്കാർ ഏറ്റെടുക്കാനുണ്ട്. റോഡ് പ്രവൃത്തി ടെൻഡർ ചെയ്യാനുള്ള നടപടിയും തുടങ്ങിയിട്ടില്ല.
2008ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച മാനാഞ്ചിറ-വെള്ളിമാടുകുന്ന് നാലുവരിപ്പാത വികസനം 15 വർഷമായിട്ടും പ്രാവർത്തികമാക്കാതെ വൈകിപ്പിക്കുന്നതിൽ ആക്ഷൻ കമ്മിറ്റി പ്രതിഷേധിച്ചു. പദ്ധതിക്ക് സർക്കാർ തല അംഗീകാരം കിട്ടിയശേഷം നാലാമത്തെ ഗവൺമെന്റാണ് ഇപ്പോൾ അധികാരത്തിലുള്ളത്. 2012ലെ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ഫോർവൺ നോട്ടിഫിക്കേഷന്റെ കാലാവധി കഴിഞ്ഞ് പദ്ധതി തന്നെ ഇല്ലാതാകുമെന്ന ഘട്ടത്തിലാണ് ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണന്റെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്ക്കരിച്ചത്.
അക്കാലത്ത് കലക്ടറേറ്റിൽ നിന്ന് റോഡുമായി ബന്ധപ്പെട്ട ചേവായൂർ, വേങ്ങേരി വില്ലേജുകളിലെ രണ്ടു ഫയലുകൾ കാണാതായത് വിവാദമായിരുന്നു. ഫയൽ പിന്നീട് കണ്ടെടുത്തു. മൂന്ന് തവണകളായി സർക്കാർ 64 കോടി രൂപ അനുവദിക്കുകയും ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങുകയും ചെയ്തു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് നഗരപാത വികസന പദ്ധതിയിൽ പൂർത്തിയായ ആറു റോഡുകളുടെ ഉദ്ഘാടനച്ചടങ്ങിൽ രണ്ടാം ഘട്ടത്തിൽ ആദ്യപദ്ധതിയായി മാനാഞ്ചിറ-വെള്ളിമാട്കുന്ന് പാത നവീകരണം യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
ദേശീയപാത ഉപരോധം നടത്തിയ എം.ജി.എസ്. നാരായണൻ, തായാട്ട് ബാലൻ തുടങ്ങിയ ആക്ഷൻ കമ്മിറ്റി ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തതും കോടതി ശിക്ഷിച്ചതും വാർത്തയായിരുന്നു. സ്ഥലം ഏറ്റെടുക്കാനുള്ള ബാക്കി തുക നാലുതവണകളായി അഞ്ചുവർഷത്തിനിടയിൽ അന്നും സർക്കാർ അനുവദിച്ചു. നഗരപാത വികസന പദ്ധതിക്ക് ഒരു മുഴുവൻ സമയ കോഓഡിനേറ്റർ പോലും ഇപ്പോഴില്ലെന്ന് ആക്ഷൻ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കുട്ടിക്കാനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കുറ്റപ്പെടുത്തി.
ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, സുനിൽ ഇൻട്രെയിം, പ്രദീപ് മാമ്പറ്റ, എൻ. ഭാഗ്യനാഥ്, എം.ടി. തോമസ്, കെ.പി. സിംബാബു, ജോർജ് ആലക്കൽ, കെ.വി.സുജീന്ദ്രൻ, പി.സദാനന്ദൻ എന്നിവർ സംസാരിച്ചു. സംഭവത്തിൽ ജനങ്ങളിൽ കടുത്ത പ്രതിഷേധമാണുള്ളതെന്ന് യോഗം വിലയിരുത്തി. പരിസരപ്രദേശങ്ങളിൽ ഈയിടെ പ്രഖ്യാപിച്ച പല പദ്ധതികളടക്കം പ്രാവർത്തികമാകുമ്പോൾ 15 വർഷം മുമ്പ് സർക്കാർ അംഗീകരിച്ചതും റോഡപകടങ്ങളെതുടർന്ന് ഒരുപാട് പേരുടെ ജീവൻ പൊലിയുകയും ചെയ്തതുമായ റോഡിനോടുള്ള അവഗണന തുടർന്നാൽ വീണ്ടും ബഹുജനസമരത്തിന് നേതൃത്വം കൊടുക്കാൻ ആക്ഷൻ കമ്മിറ്റി രംഗത്തുവരുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.