ലഹരി ഉപയോഗം: കാലിക്കറ്റ് കാമ്പസ് നിരീക്ഷണത്തിൽ
text_fieldsകാലിക്കറ്റ് സർവകലാശാല കാമ്പസ് പ്രദേശത്ത് മദ്യക്കുപ്പികൾ കൂട്ടിയിട്ട നിലയിൽ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസ് ഹോസ്റ്റലും മറ്റിടങ്ങളും കേന്ദ്രീകരിച്ചുള്ള മദ്യ-ലഹരി ഉപയോഗം തടയാൻ നിരീക്ഷണം. എക്സൈസ് ഉദ്യോഗസ്ഥരുടെയും സർവകലാശാല ജാഗ്രത സമിതി അംഗങ്ങളുടെയും കൂട്ടായ്മയിലാണ് രഹസ്യ നിരീക്ഷണം. സർവകലാശാല ചാൻസലറായ ഗവർണർ സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തുന്ന ഘട്ടത്തിൽ കാമ്പസിലെ ഹോസ്റ്റലുകൾ സന്ദർശിക്കുമെന്ന സൂചനയുള്ളതിനാൽ ഹോസ്റ്റലും മറ്റ് പ്രധാന മേഖലകളും ശുചീകരിക്കാൻ വി.സി നിർദേശം നൽകുകയും നേരിട്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് പുരുഷ ഹോസ്റ്റൽ പ്രദേശത്ത് കണ്ടെത്തിയ മദ്യക്കുപ്പി ശേഖരം ആളൊഴിഞ്ഞ കാമ്പസിലെ മറ്റൊരിടത്തേക്ക് മാറ്റി.
ഹോസ്റ്റലിൽ നിന്നും പരിസരത്ത് നിന്നുമായി നൂറുകണക്കിന് ഒഴിഞ്ഞ മദ്യക്കുപ്പികളാണ് ശേഖരിച്ച് മാറ്റിയത്. സംഭവം പുറത്തറിഞ്ഞതോടെ സർവകലാശാല സമൂഹത്തിന് എതിരെ വിമർശനവും ഉയർന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉപരി പഠനത്തിനായി എത്തിയ വിദ്യാർഥികളിൽ പലരും സർവകലാശാല കാമ്പസിൽ ലഹരി ഉപയോഗിക്കുന്നതായാണ് ആരോപണം. ലഹരി എത്തിച്ചു കൊടുക്കാൻ കാമ്പസ് കേന്ദ്രീകരിച്ച് ഏജന്റുമാർ പ്രവർത്തിക്കുന്നതായ വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഹോസ്റ്റൽ പരിസരത്തുനിന്ന് സി.എൽ.ആർ തൊഴിലാളികൾ ശേഖരിച്ച് മാറ്റിയ ഒഴിഞ്ഞ മദ്യക്കുപ്പികൾ ചെട്ട്യാർമാട് -ഒലിപ്രം റോഡിലുള്ള വി.സിയുടെ വസതിക്ക് തൊട്ട് സമീപമുളള ആൾത്താമസമില്ലാത്ത സർവകലാശാല കെട്ടിടത്തിലാണ് കൊണ്ടുവന്നിട്ടിരിക്കുന്നത്.
ശക്തമായ നടപടിയെന്ന് വി.സി
കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ലഹരി ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ ശക്തമായ നടപടിയെന്ന് വൈസ് ചാൻസലർ. ഹോസ്റ്റൽ നിയമങ്ങൾ കർശനമാക്കുമെന്നും പരിശോധന തുടരുമെന്നും വി.സി ഡോ. പി. രവീന്ദ്രൻ വ്യക്തമാക്കി. സർവകലാശാല വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവരടങ്ങിയ ജാഗ്രത സമിതി പ്രവർത്തനം സജീവമാണ്. കാമ്പസ് അതിർത്തി പ്രദേശങ്ങളിൽ ഫെൻസിങ് സ്ഥാപിക്കാൻ ശ്രമങ്ങൾ ഊർജ്ജിതമാക്കുമെന്നും ആറ് മാസത്തിനകം കാമ്പസ് പ്രദേശങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങാനാകുമെന്നും വി.സി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.