കരിപ്പൂർ റൺവേ വികസനത്തിന്;കല്ലായിപ്പുഴയിലെ മണ്ണ് ഉപയോഗിക്കുന്നത് ആലോചനയിൽ
text_fieldsകോഴിക്കോട്: കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിന് കല്ലായിപ്പുഴ നവീകരിക്കുന്ന പദ്ധതി നടപ്പാക്കുമ്പോൾ കിട്ടുന്ന മണ്ണ് ഉപയോഗിക്കുന്ന കാര്യം ആലോചനയിൽ. റൺവേ വികസനത്തിനായി മണ്ണു നൽകാമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് അറിയിച്ചതിനു പിന്നാലെ കോർപറേഷനും സഹായസന്നദ്ധത പ്രകടിപ്പിച്ചതായി മലബാർ ഡെവലപ്മെന്റ് കൗൺസിൽ (എം.ഡി.സി) പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി അറിയിച്ചു.
പുഴയിലെ മണ്ണ് ഉപയോഗപ്പെടുത്തുന്നതിൽ ആർക്കും എതിർപ്പുണ്ടാവില്ലെന്ന് കോർപറേഷൻ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രാജനും പറഞ്ഞു. കല്ലായിപ്പുഴ നന്നാക്കാൻ വീണ്ടും ടെൻഡർ വിളിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. നേരത്തേയുള്ള ടെൻഡറിൽ അധിക തുക വന്നതിനാൽ സർക്കാർ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. 34 ശതമാനം അധിക തുക ടെൻഡറിൽ വന്നതിനാൽ സർക്കാർ അംഗീകാരം ലഭിക്കാത്തതിനാലാണ് വീണ്ടും ടെൻഡർ വിളിക്കേണ്ട സാഹചര്യമുണ്ടായത്. ആഴം കൂട്ടി ഒഴുക്ക് വർധിപ്പിക്കാനുള്ള നടപടി വർഷങ്ങളായി നീണ്ടുപോകുന്നു. കല്ലായിപ്പുഴയിൽ കടുപ്പിനി മുതല് കോതി വരെ 4.2 കിലോമീറ്റർ ദൂരത്തിൽ മണ്ണും ചളിയും നീക്കാനുള്ള 7.9 കോടി രൂപയുടെ പദ്ധതിയാണ് നിലവിലുള്ളത്. ഇവിടെനിന്ന് നീക്കുന്ന മണ്ണ് കടലിൽ തള്ളാനായിരുന്നു ആദ്യ തീരുമാനം.
ദേശീയപാതക്ക് ഉപയോഗിക്കാൻ ആലോചിച്ചിരുന്നെങ്കിലും അനുയോജ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതാണ് ഇപ്പോൾ കരിപ്പൂരിൽ ഉപയോഗിക്കാനാവുമോയെന്ന് പരിശോധിക്കുന്നത്. മണ്ണെടുക്കാൻ 10 ശതമാനം വരെ അധികതുക വന്നാൽ മാത്രമേ വകുപ്പുതലത്തിൽ അംഗീകാരം നൽകാനാവൂവെന്നതിനാലാണ് ഇപ്പോൾ സർക്കാറിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നത്. പുഴയിൽനിന്ന് മണ്ണ് നീക്കം ചെയ്യാൻ ഇറിഗേഷൻ വകുപ്പിനാണ് കോർപറേഷൻ കരാർ നൽകിയത്. നീക്കം ചെയ്യുന്ന ലോഡുകണക്കിന് മണ്ണ് ആഴക്കടലിൽ നിക്ഷേപിക്കാനായിരുന്നു ധാരണ. ഇത് പ്രായോഗികമല്ലെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും തീരദേശ മേഖലയുടെ സുരക്ഷയെയും ബാധിക്കുമെന്നും അഭിപ്രായമുയർന്നു. ഇതോടെയാണ് മലബാർ ഡെവലപ്മെന്റ് കൗൺസിൽ മുന്നോട്ടുവന്നത്. കരിപ്പൂർ വിമാനത്താവള വികസനത്തിനാവശ്യമായ മണ്ണു നൽകാമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് സമ്മതിച്ചിട്ടുണ്ട്. ഡ്രഡ്ജിങ് നടത്തുന്ന വെള്ളയിൽ, പുതിയാപ്പ എന്നിവിടങ്ങളിൽനിന്ന് ആവശ്യമായ മണ്ണ് നൽകാൻ കഴിയുമെന്നായിരുന്നു ഹാർബർ എൻജിനീയറിങ് വകുപ്പ് കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.