ഉപയോഗിച്ച ഭക്ഷ്യ എണ്ണ ബയോഡീസലാക്കുന്ന പദ്ധതിക്ക് കോഴിക്കോട്ട് തുടക്കം
text_fieldsകോഴിക്കോട്: ഉപയോഗിച്ച എണ്ണ ശേഖരിച്ച് ബയോഡീസൽ ആക്കിമാറ്റുന്ന പദ്ധതിക്ക് കോഴിക്കോട് ജില്ല ഭക്ഷ്യസുരക്ഷ വകുപ്പ് തുടക്കം കുറിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത പാചക എണ്ണ അംഗീകൃത ഏജൻസികളുടെ സഹായത്തോടെ ശേഖരിച്ച് ആന്ധ്രയിലെ ബയോഡീസൽ കമ്പനിക്ക് കൈമാറുന്നതാണ് പദ്ധതി. അവിടെ പുനരുൽപാദിപ്പിക്കുന്ന ബയോഡീസൽ പിന്നീട് ഓയിൽ മാർക്കറ്റിങ് കമ്പനികളുടെ സഹായത്തോടെ വാഹന ഇന്ധന പമ്പുകളിൽനിന്ന് ജനങ്ങൾക്ക് ലഭ്യമാക്കും.
ഭക്ഷ്യസുരക്ഷ ഗുണനിലവാര അതോറിറ്റിയുടെ അംഗീകാരമുള്ള കലക്ഷൻ ഏജൻറുമാർ മുഖേനയാണ് ഓയിൽ ശേഖരിക്കുന്നത്. ഭക്ഷണശാലകളിൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് സാമൂഹികാരോഗ്യത്തിന് ഗുരുതര ഭീഷണിയാവുന്ന സാഹചര്യത്തിലാണ് പുതിയ ചുവടുവെപ്പ്. ലോക ബയോ ഫ്യുവൽ ദിനമായ ആഗസ്റ്റ് 10നാണ് പദ്ധതി ആരംഭിച്ചത്.
ഹോട്ടലുകളിലെയും ബേക്കറികളിലെയും എണ്ണ ആഴ്ചയിലൊരിക്കൽ ലിറ്ററിന് 30 രൂപ നിരക്കിൽ കലക്ഷൻ ഏജൻസി ശേഖരിക്കും. തട്ടുകടകൾ, പലഹാരങ്ങൾ പൊരിച്ച് ഹോട്ടലുകളിലും ബേക്കറികളിലും എത്തിക്കുന്ന സംരംഭകർ എന്നിവരിൽനിന്നും എണ്ണ ശേഖരിക്കും. ഹോട്ടൽ, ബേക്കറി അസോസിയേഷനുകളുമായി സഹകരിച്ചാണിത്.
ഓയിലിൽ പ്രാഥമികമായി അടങ്ങിയിരിക്കുന്ന ട്രൈഗ്ലിസറൈഡുകൾ വിഘടിച്ച് ഉണ്ടാകുന്ന അനാവശ്യ രാസവസ്തുക്കളുടെ അളവാണ് ടി.പി.സി (ടോട്ടൽ പോളാർ കോമ്പൗണ്ട്സ്). ഭക്ഷ്യസുരക്ഷ നിയമമനുസരിച്ച് എണ്ണയിൽ അടങ്ങിയിരിക്കുന്ന മൊത്തം ടി.പി.സി 25 ശതമാനത്തിനുള്ളിലാവണം. അതിലധികം ടി.പി.സിയുള്ള പാചക എണ്ണ ഉപയോഗിക്കുന്നതിലൂടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നു.
മലയാളികളിൽ ചീത്ത കൊളസ്ട്രോളിെൻറ അളവ് വർധിക്കുന്നതിെൻറ പ്രധാന കാരണമായി ഡോക്ടർമാർ പറയുന്നത് എണ്ണപ്പലഹാരങ്ങളുടെ ഉപയോഗമാണ്. കുടിൽ വ്യവസായമായി എണ്ണക്കടികൾ ഉൽപാദിപ്പിച്ച് ഹോട്ടലുകളിലും മറ്റും എത്തിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് എണ്ണ ശേഖരിണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.