വി. വസീഫ്: കോഴിക്കോട്ടെ പോരാട്ടഭൂമിയിലെ നിറസാന്നിധ്യം
text_fieldsകോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുത്ത വി. വസീഫ് കോഴിക്കോട്ടെ പോരാട്ടഭൂമിയിലെ നിറസാന്നിധ്യമാണ്. വെസ്റ്റ് ഹിൽ എൻജിനീയറിങ് കോളജ് മെറിറ്റ് അട്ടിമറിച്ചതിന് എതിരെയുള്ള സമരം ഉൾപ്പെടെ നിരവധി സമരങ്ങളുടെ ഭാഗമായി 66 ദിവസം ജയിൽവാസം അനുഭവിച്ചു. എഫ്.എം.എച്ച്.എസ്.എസ് കൂമ്പാറയിൽ കോമേഴ്സ് വിഭാഗത്തിൽ ഹയർ സെക്കൻഡറി അധ്യാപകനായ വസീഫ്, സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗവും കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമാണ്.
ബാലസംഘം പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്നു. ബാലസംഘം ഏരിയ പ്രസിഡന്‍റ്, ജില്ല കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു. എസ്.എഫ്.ഐ എം.എ.എം.ഒ കോളജ് യൂനിറ്റ് സെക്രട്ടറി, യൂനിയൻ ഭാരവാഹി, തുടർന്ന് എസ്.എൻ കോളജ് ചേളന്നൂരിൽ എം.എഡ് പഠിക്കുമ്പോൾ കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ, എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവർത്തിച്ചു.
ഡി.വൈ.എഫ്.ഐ സൗത്ത് കൊടിയത്തൂർ യൂനിറ്റ് സെക്രട്ടറി, കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്, സെക്രട്ടറി, തിരുവമ്പാടി ബ്ലോക്ക് ട്രഷറർ, സെക്രട്ടറി കോഴിക്കോട് ജില്ല ട്രഷറർ, പ്രസിഡന്‍റ് സെക്രട്ടറി, സംസ്ഥാന ജോ.സെക്രട്ടറി എന്നീ നിലയിലും പ്രവർത്തിച്ചു. എം.എ.എം.ഒ കോളജ് കോഴിക്കോട്, സി.എം.എസ് കോളജ്, ഫാറൂഖ് കോളജ്, എസ്.എൻ കോളജ് എന്നിവിടങ്ങളിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡ്, എം.എഡ് എന്നിവയും നേടി.
കൊടിയത്തൂർ പഞ്ചായത്തിൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് അക്കൗണ്ട് ഓഫിസറായി വിരമിച്ച വളപ്പിൽ വീരാൻകുട്ടിയുടെയും വഹീദയുടെയും മകനാണ്. തിരുവനന്തപുരത്ത് ഗവ. ഹോമിയോ കോളജിൽ എം.ഡി പഠിക്കുന്ന ഡോ. അർഷിദയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.