കുത്തിവെപ്പ്: 45 വയസ്സിൽ കൂടുതലുള്ള മുൻഗണന വിഭാഗങ്ങൾക്ക് രജിസ്റ്റർ ചെയ്യാനാകുന്നില്ല
text_fieldsകോഴിക്കോട്: കോവിഡ് വാക്സിനേഷൻ മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെട്ട 45 വയസ്സിന് മുകളിലുള്ളവർക്ക് കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യാനാകുന്നില്ല. രണ്ടാം ഡോസ് വേണ്ട 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ഷെഡ്യൂൾ ചെയ്യാനും സാധിക്കുന്നില്ല.
ഭിന്നശേഷി വിഭാഗത്തിന് കോവിഡ് വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്യുന്നതിന് കോമൊബിഡിറ്റി സർട്ടിഫിക്കറ്റിന് പകരം ഭിന്നശേഷി സർട്ടിഫിക്കറ്റ് മതിയെന്ന ഉത്തരവ് പ്രകാരം 45 വയസ്സിന് മുകളിലുള്ള ഭിന്നശേഷിക്കാർക്കും മുൻഗണന കിട്ടേണ്ടതായിരുന്നു. എന്നാൽ, വാക്സിൻ രജിസ്റ്റർ ചെയ്യേണ്ട cowin.gov.in എന്ന സൈറ്റിൽ 18 മുതൽ 44 വരെ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയുന്നുള്ളൂ.
ഇതുമൂലം മേയ് 29ന് നടക്കുന്ന ഭിന്നശേഷിക്കാരുടെ മെഗാ വാക്സിനേഷൻ ക്യാമ്പിൽനിന്ന് 44 വയസ്സിന് മുകളിലുള്ള നിരവധി പേർ പുറത്തായിരിക്കുകയാണ്.
വിദേശങ്ങളിലേക്ക് പോകുന്നവർക്കും മുൻഗണന നൽകുന്നുണ്ടെങ്കിലും 45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ ഷെഡ്യൂൾ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നു. ആദ്യമായി വിദേശയാത്രക്ക് ഒരുങ്ങുന്ന 44 വയസ്സിന് താഴെയുള്ളവർക്കാണ് മുൻഗണന ലഭിക്കുന്നത്. രണ്ടാം ഡോസ് കാത്തിരിക്കുന്നവർക്ക് വാക്സിനേഷൻ തീയതി ഷെഡ്യൂൾ ചെയ്യാൻപോലും സാധിക്കുന്നില്ല. രജിസ്ട്രേഷൻ തുടങ്ങി മിനിറ്റുകൾക്കുള്ളിൽ സ്ലോട്ട് നിറഞ്ഞ് അവസാനിക്കുകയാണ്. ഇതുമൂലം പലരുടെയും യാത്രപോലും മുടങ്ങുന്ന അവസ്ഥയാണെന്ന് ആളുകൾ പരാതിപ്പെടുന്നു.
പ്രായഭേദമന്യേ എല്ലാ ഭിന്നശേഷി വിഭാഗക്കാർക്കും മുൻഗണന കിട്ടുന്ന തരത്തിൽ രജിസ്ട്രേഷൻ സംവിധാനം ക്രമീകരിക്കണമെന്ന് ബ്ലഡ് പേഷ്യൻറ് പ്രൊട്ടക്ഷൻ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.