ഒ.ടി.പി കൊണ്ട് തൃപ്തിയടഞ്ഞ് വാക്സിൻ ബുക്കിങ്; കണക്കുകളിൽ പകച്ച് ജനം
text_fieldsകോഴിക്കോട് : കോവിഡ് പ്രതിരോധ വാക്സിനേഷൻ ബുക്കിങ് പരിഹാസ്യമാകുന്നു. ബുക്കിങ്ങിന് ശ്രമിച്ചാൽ ഒ.ടി.പി (വൺ ടൈം പാസ്വേഡ്) മാത്രമാണ് കിട്ടുന്നതെന്നും സ്ലോട്ടുകൾ മുഴുവൻ ബുക്കായി കഴിഞ്ഞിരിക്കുമെന്നുമാണ് നാട്ടുകാരുടെ പരാതി. ദിവസവും വൈകീട്ട് മണിക്കൂറുകൾ കാത്തിരുന്ന് തുരുതുരാ കിട്ടുന്ന ഒ.ടി.പി കൊണ്ട് തൃപ്തിഅടയേണ്ട അവസ്ഥയാണ്. നാല് സ്ലോട്ടുകൾ തിരയുമ്പോഴേക്കും സൈറ്റിൽ നിന്ന് ലോഗ് ഔട്ട് ആവുകയും ഫോൺ നമ്പറും ഒ.ടി.പിയും നിൽകി വീണ്ടും വീണ്ടും ലോഗിൻ ചെയ്യേണ്ടിവരുകയുമാണ്.
വൈകീട്ട് 5.30 മുതൽ ബുക്കിങ് ആരംഭിക്കുമെന്ന് കലക്ടർ ദിവസവും ഫേസ്ബുക്ക് അറിയിപ്പു നൽകാറുണ്ട്. എന്തിനാണ് ഈ അറിയിപ്പ് നൽകുന്നതെന്ന ചോദ്യമാണ് സാധാരണക്കാർ ഉന്നയിക്കുന്നത്. 5.30ന് വാക്സിനേഷൻ ബുക്കിങ് ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ബുക്ക് ചെയ്യാൻ തയാറായി ഓൺലൈനിൽ നിൽക്കുന്നവർക്കൊന്നും സ്ലോട്ട് ലഭ്യമാകുന്നില്ല. ഭൂരിഭാഗത്തിനും സ്ലോട്ട് മുഴുവൻ ബുക്കായി കഴിഞ്ഞുവെന്ന സന്ദേശമാണ് കാണാൻ സാധിക്കുന്നത്. 5.30 ന് ആരംഭിക്കുന്ന ബുക്കിങ് അപ്പോൾ തന്നെ കഴിയുന്നതിനു പിറകിലെ മാജിക് എന്താണെന്നാണ് സാധാരണക്കാർ ചോദിക്കുന്നത്.
ഓൺലൈനിൽ സ്ലോട്ട് കാണുന്നവർ സ്ലോട്ടിൽ കയറുമ്പോഴേക്കും ബുക്കായി കഴിയുന്നു. 100 സ്ലോട്ടുകൾ ഉണ്ടെങ്കിൽ പോലും ബുക്കിങ്ങിന് സാധിക്കാത്ത അവസ്ഥയും നേരിടുന്നുണ്ട്. കൂടാതെ ഒഴിവുള്ള സ്ലോട്ടുകളിൽ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ 45 ന് മുകളിലുള്ളവർക്ക് എന്നാണ് കാണിക്കുന്നത്. ഇനി ഏതെങ്കിലും സ്ലോട്ട് തുറന്ന് കിട്ടിയാൽ തന്നെ സമയം നൽകുമ്പോൾ ബുക്കിങ് പൂർത്തിയായി എന്ന് കാണിക്കുന്നു.
അതേസമയം സ്വകാര്യ ആശുപത്രികളിലാണെങ്കിൽ ദിവസവും 800 ഉം 1000 വും സ്ലോട്ടുകളാണ് ലഭ്യമായിട്ടുള്ളത്.ഇതൊക്കെ സാധാരണക്കാർ നേരിടുന്ന പ്രശ്നമാകുമ്പോഴും ദിവസവും ശരാശരി 10,000 പേർക്ക് വാക്സിനേഷൻ നൽകുന്നുവെന്ന് കോവിൻ സൈറ്റിലെ കണക്കുകൾ പറയുന്നു. ഇത് എങ്ങനെ സാധിക്കുന്നുവെന്ന് അറിയാതെ പകച്ചിരിക്കുകയാണ് ജനങ്ങൾ.
നാട്ടുകാർ ഈ പ്രശ്നങ്ങളൊക്കെ നേരിടുമ്പോഴും പൊതുസ്ഥലങ്ങളിൽ പെരുമാറുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുകയാണ് ജില്ല ഭരണകൂടം. അതുമൂലം സാധാരണക്കാർ വാക്സിൻ ലഭ്യമാകാൻ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയാണ്. അതിനായി കൂടുതൽ സ്വകാര്യ ആശുപത്രികൾക്ക് വാക്സിനേഷനുള്ള അനുമതിയും നൽകിയിട്ടുണ്ട്. അതേസമയം, ജൂലൈ 30, 31 തീയതികളിൽ വൈകീട്ട് മൂന്ന് മുതൽ വാക്സിനേഷൻ ബുക്കിങ് ആരംഭിക്കുമെന്ന് വാട്ട്സാപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ഡി.എം.ഒ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.