വടകരയും കൊടുവള്ളിയും പോകും; എല്ലാം ശരിയാകില്ലെന്ന് എൽ.ഡി.എഫ്, കോഴിക്കോട് അഞ്ചു സീറ്റ് ഉറപ്പെന്ന് യു.ഡി.എഫ്
text_fieldsകോഴിക്കോട്: മുഴുവൻ സീറ്റുകളും ഉറപ്പാണെന്നായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് എൽ.ഡി.എഫ് അവകാശപ്പെട്ടത്. സംസ്ഥാന സർക്കാറിെൻറ വികസന, ക്ഷേമപ്രവർത്തനങ്ങൾ വോട്ടായിമാറുമെന്ന ഉറപ്പായിരുന്നു മനസ്സിൽ. എന്നാൽ, കഴിഞ്ഞ തവണത്തെ മുന്നേറ്റമുണ്ടാകില്ലെന്ന് എൽ.ഡി.എഫ് നേതാക്കൾ പലരും സമ്മതിക്കുന്നു. വികസനത്തിനപ്പുറം മറ്റ് വിഷയങ്ങൾ ജില്ലയിൽ ജനങ്ങളെ സ്വാധീനിച്ചെന്ന് അവർ പറയുന്നു.
വടകരയും കൊടുവള്ളിയും ഉറപ്പായും നഷ്ടമാകുെമന്നാണ് താഴേ തട്ടിൽനിന്ന് കിട്ടിയ വിവരം. എലത്തൂരിലും ബാലുശ്ശേരിയിലും വിജയിക്കാനാകും. മറ്റു മണ്ഡലങ്ങളിൽ ചിലത് ഉറപ്പിക്കാനായിട്ടില്ലെന്നും എൽ.ഡി.എഫ് പറയുന്നു. കൊയിലാണ്ടിയാണ് പ്രധാന തലവേദനകളിലൊന്ന്. കോൺഗ്രസ് സ്ഥാനാർഥി എൻ. സുബ്രഹ്മണ്യന് മികച്ച മുന്നേറ്റമുണ്ടാക്കാനായെന്ന് മറുപക്ഷം സമ്മതിക്കുന്നു. ഇവിടെ ബി.ജെ.പിയുടെ നീക്കങ്ങളും എൽ.ഡി.എഫിനെ പേടിപ്പിക്കുന്നു. യു.ഡി.എഫ് പക്ഷത്തേക്ക് വോട്ട് മറിഞ്ഞതായാണ് ആരോപണം. വാശിയേറിയ അങ്കത്തിന് സാക്ഷിയായ കുറ്റ്യാടി മുസ്ലിം ലീഗിൽനിന്ന് തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷ. നാലായിരത്തോളം വോട്ടുകൾക്ക് കെ.പി. കുഞ്ഞമ്മദ് കുട്ടി ജയിക്കുമെന്നും എൽ.ഡി.എഫ് പറയുന്നു.
തിരുവമ്പാടിയിൽ തങ്ങളുടെ സ്ഥാനാർഥിയായ ലിേൻറാ ജോസഫിന് ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാനായെന്ന് പറയാൻ എൽ.ഡി.എഫിന് മടിയില്ല. യു.ഡി.എഫ് സ്ഥാനാർഥി സി.പി. ചെറിയ മുഹമ്മദിന് മുസ്ലിം വോട്ടുകളും ലഭിച്ചിട്ടുണ്ടാകുമെങ്കിലും എല്ലാ വിഭാഗക്കാരും വോട്ട് ചെയ്തിട്ടുണ്ടാവില്ല എന്നും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു. കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രന് കിട്ടേണ്ട ചില വോട്ടുകൾ ബി.ജെ.പി സ്ഥാനാർഥി എം.ടി. രമേശ് സ്വന്തമാക്കിയിട്ടുണ്ട്. എന്നാലും വ്യക്തിപരമായ വോട്ടുകൾ തോട്ടത്തിലിന് തുണയാകുമെന്നും കടന്നുകൂടുമെന്നുമാണ് എൽ.ഡി.എഫ് ക്യാമ്പിലെ നിഗമനം. കോഴിക്കോട് സൗത്ത് അടക്കം മറ്റ് മണ്ഡലങ്ങളിൽ വിജയം നേടുമെന്ന് പറയുേമ്പാഴും ആശങ്കയും അങ്കലാപ്പും ഇടതുമുന്നണിയിൽ ബാക്കിയാണ്.
അഞ്ചു സീറ്റുറപ്പ്; എട്ടിലെത്താൻ സാധ്യതയെന്നും യു.ഡി.എഫ്
കോഴിക്കോട്: തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പതിവില്ലാത്ത സന്തോഷമാണ് യു.ഡി.എഫ് നേതാക്കൾക്ക്. ഒന്നരപ്പതിറ്റാണ്ടായി എൽ.ഡി.എഫ് മുൻതൂക്കം പുലർത്തുന്ന ജില്ലയിൽ ഇത്തവണ മോശമല്ലാത്ത പ്രകടനമായിരിക്കുെമന്നാണ് നിഗമനം. അഞ്ചു സീറ്റ് യു.ഡി.എഫ് ഉറപ്പിക്കുന്നു. എട്ടു സീറ്റ് വരെ നേടാനാകുെമന്ന് പ്രതീക്ഷ പുലർത്തുന്നു. കോൺഗ്രസിലും മുന്നണിയിലും പടലപ്പിണക്കങ്ങളില്ലാത്ത തെരഞ്ഞെടുപ്പാണ് കടന്നുപോയത്.
പ്രശ്നങ്ങളുണ്ടായിരുന്ന എലത്തൂരിലാകട്ടെ വിദൂര പ്രതീക്ഷ പോലുമില്ല. വടകരയിൽ ആർ.എം.പി.ഐയുമായുള്ള ബന്ധം നേട്ടമായി. െക.കെ. രമ മികച്ച വിജയം നേടുമെന്ന് യു.ഡി.എഫ് ഉറപ്പിച്ചുപറയുന്നു. നാദാപുരത്തും കുറ്റ്യാടിയിലും കോഴിക്കോട് നോർത്ത് പോലുള്ള മണ്ഡലങ്ങളിലും ആർ.എം.പി.ഐ ബന്ധം വോട്ട് നേടാൻ സഹായിച്ചു. നോർത്തിൽ കെ.എം. അഭിജിത്തിെൻറ വിജയം സംസ്ഥാനത്തെ തന്നെ വലിയ അട്ടിമറിയാകുമെന്നാണ് അവകാശവാദം.
എൽ.ഡി.എഫ് സ്ഥാനാർഥിക്ക് സാധാരണക്കാരായ അണികളെ ആകർഷിക്കാൻ കഴിഞ്ഞില്ലെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. ബി.ജെ.പിയുടെ പ്രവർത്തനം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിർജീവമായതായും അവർ നിരീക്ഷിക്കുന്നു. കോഴിക്കോട് സൗത്ത്, െകാടുവള്ളി, തിരുവമ്പാടി, കുന്ദമംഗലം, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി തുടങ്ങിയ മണ്ഡലങ്ങളിൽ യു.ഡി.എഫ് പ്രതീക്ഷയർപ്പിക്കുന്നു. തിരുവമ്പാടിയിൽ സമുദായം തിരിച്ച് വോട്ടുകൾ ചെയ്തിട്ടില്ലെന്നും മതേതരമായാണ് ജനം ചിന്തിച്ചതെന്നുമാണ് വിലയിരുത്തൽ.
കുന്ദമംഗലത്ത് ലീഗ് സ്വതന്ത്രൻ ദിനേശ് പെരുമണ്ണ അട്ടിമറിജയം നേടുമെന്നാണ് പ്രതീക്ഷ. ബാലുശ്ശേരിയിൽ നടൻ ധർമജൻ ബോൾഗാട്ടി മികച്ച മത്സരം കാഴ്ചവെച്ചുവെന്നുമാണ് യു.ഡി.എഫ് പറയുന്നത്.
ആക്ഷൻ പ്ലാനെല്ലാം നടപ്പാക്കി; ബി.ജെ.പിക്ക് മുന്നേറ്റ പ്രതീക്ഷ
കോഴിക്കോട്: ബി.ജെ.പി പഞ്ചായത്ത്തലത്തിൽ കൃത്യമായ വോട്ടുകണക്കുകൾ തയാറാക്കുന്നതേയുള്ളൂ. ആദ്യവിലയിരുത്തലിൽ മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നു. കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലാണ് ഏറ്റവും പ്രതീക്ഷ. ഇൗ മണ്ഡലങ്ങളിൽ ജയിക്കുമെന്ന് നേതൃത്വം പറയുന്നില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ കൂടെയുള്ള ബി.ഡി.ജെ.എസിന് ഇത്തവണ ജില്ലയിൽ സീറ്റ് നൽകാത്തത് ചില മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ വോട്ട് കുറയാൻ സാധ്യതയുണ്ട്.
ജില്ല പ്രസിഡൻറ് വി.കെ. സജീവൻ മത്സരിച്ച കുന്ദമംഗലത്ത് പ്രവചനാതീതമാണെന്ന് പാർട്ടി പറയുന്നു. എന്നാൽ, ചിലയിടങ്ങളിൽ ചോർച്ചയുണ്ടായതായാണ് മണ്ഡലത്തിലെ ചില നേതാക്കൾതന്നെ സമ്മതിക്കുന്നത്.
ബാലുശ്ശേരിയിലും കൊയിലാണ്ടിയിലും പ്രവർത്തനം മന്ദഗതിയിലായിരുന്നെന്ന ആക്ഷേപവുമുണ്ട്. എലത്തൂരിൽ ടി.പി. ജയചന്ദ്രൻ രണ്ടാം സ്ഥാനം നേടുമെന്നാണ് മറ്റൊരു കണക്കുകൂട്ടൽ.
സുൽഫിക്കർ മയൂരിയുടെ സ്ഥാനാർഥിത്വത്തിൽ അസംതൃപ്തരായ യു.ഡി.എഫ് വോട്ടർമാർ സഹായിച്ചത്രെ. ആക്ഷൻ പ്ലാനുകളെല്ലാം നടപ്പാക്കിയെന്നും മുന്നേറുമെന്നും ബി.ജെ.പി ക്യാമ്പ് കൂട്ടിച്ചേർക്കുന്നു.
ബൂത്തിലെത്തിയത് 20 ലക്ഷം പേർ; പോളിങ്ങില്‍ മുന്നില്‍ കുന്ദമംഗലം
കോഴിക്കോട്: ജില്ലയിൽ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തത് 20,06,605 പേർ. 12,39,212 പുരുഷ വോട്ടര്‍മാരില്‍ 9,59,273 പേരും (77.40 ശതമാനം), 13,19,416 സ്ത്രീ വോട്ടര്‍മാരില്‍ 10,47,316 പേരും (79.37 ശതമാനം), 51 ട്രാന്സ്ജന്ഡര് വോട്ടര്‍മാരില്‍ 16 പേരും (31.37 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചു. നേരത്തേ വീടുകളിൽ വോട്ട് ചെയ്തത് 33,734 പേരാണ്.
വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാരുടെ വിഭാഗത്തില്‍ 7229 പേരും 80 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ 26,479 പേരും കോവിഡ് രോഗികളും ക്വാറൻറീനില്‍ കഴിയുന്നവരുമായി 26 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്. അവശ്യ സര്വിസുകാര്ക്കായി ആദ്യമായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിന് 4503 പേര് അര്‍ഹരായിരുന്നു. 4293 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 210 പേര് വോട്ട് ചെയ്തില്ല. ജില്ലക്കകത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള, ജില്ലയിലെ വോട്ടര്‍മാരായ 12,260 ജീവനക്കാര്‍ വോട്ട് രേഖപ്പെടുത്തി.
ഈ ജീവനക്കാരുടെ തപാൽവോട്ട് തുടർന്നും സ്വീകരിക്കുമെന്നതിന്നാൽ അന്തിമകണക്ക് ലഭ്യമായിട്ടില്ല. 81.55 ശതമാനം വോട്ട് രേഖപ്പെടുത്തിയ കുന്ദമംഗലം മണ്ഡലമാണ് പോളിങ്ങില്‍ മുന്നില്‍. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം. 73.85. വിവിധ തപാൽ വോട്ടുകൾകൂടി വരുമ്പോൾ പോളിങ് ശതമാനം ഉയരും. 78.42 ശതമാനമാണ് ജില്ലയിലെ പോളിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.