വടകര മത്സ്യ മാർക്കറ്റിന് ബഹുനില കെട്ടിടം 13. 30 കോടി കിഫ്ബി അനുമതി
text_fieldsവടകര: പരാധീനതയിൽ വീർപ്പുമുട്ടുന്ന വടകര മത്സ്യ മാർക്കറ്റിന് പുതിയ കെട്ടിടം നിർമിക്കാൻ കിഫ്ബിയുടെ സാമ്പത്തിക അനുമതി. 13.30 കോടിയുടെ കെട്ടിട നിർമാണത്തിനാണ് കിഫ്ബി അനുമതി നൽകിയത്. 40.29 സെന്റിൽ 34926.7 സ്ക്വയർ ഫീറ്റിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഷോപ്പിങ് കോംപ്ലക്സ് കെട്ടിടമാണ് നിർമിക്കുന്നത്.
നിലവിലെ മത്സ്യ മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റലും നിർമാണവും ഒരു വർഷംകൊണ്ട് പൂർത്തീകരിക്കും. നാലു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ അടിഭാഗത്ത് പാർക്കിങ്, ഗ്രൗണ്ട് ഫ്ളോറിൽ മത്സ്യ, മാംസവില്പന സ്റ്റാളുകൾക്കൊപ്പം പച്ചക്കറി മാർക്കറ്റും സൂപ്പർ മാർക്കറ്റും സ്ഥാപിക്കും. രണ്ടാംനിലയിൽ ചെറുതും വലുതുമായ 20 സ്റ്റാളുകൾ ഒരുക്കും.
അഞ്ച് വലിയ ലോറികൾക്ക് ഒരേ സമയം കെട്ടിടത്തിൽ കയറ്റിറക്കിന് സൗകര്യമുണ്ടാവും. കെട്ടിടത്തിന്റെ എല്ലാ നിലകളിലും ടോയിലറ്റ് സൗകര്യവും ഭിന്നശേഷി സൗഹൃദവുമായിരിക്കും. മലിനജലം ഒഴികിപ്പോകാനുള്ള ഓവുചാൽ, 10 ലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാനുള്ള സംസ്കരണ പ്ലാന്റ് കെട്ടിടത്തോട് ചേർന്ന് നിർമിക്കും. കിഫ്ബി 12 വർഷ തിരിച്ചടവോട് കൂടിയാണ് ഫണ്ട് അനുവദിച്ചത്. വരുമാനത്തിന്റ മൂന്നിലൊന്ന് അഞ്ച് ശതമാനം പലിശ സഹിതം തിരിച്ചടക്കണം. ജി പാക് കൺസൽട്ടിങ് കമ്പനിയാണ് നഗരസഭക്കുവേണ്ടി ഡി.പി.ആർ തയാറാക്കിയത്.
മത്സ്യ മാർക്കറ്റ് നിർമാണത്തിന്റെ ഭാഗമായി മത്സ്യ തൊഴിലാളികളുമായി ചർച്ച ചെയ്ത് മത്സ്യമാർക്കറ്റ് താൽക്കാലികമായി അനുയോജ്യമായ സ്ഥലത്ത് മാറ്റി സ്ഥാപിക്കുമെന്ന് വാർത്തസമ്മേളനത്തിൽ ചെയർപേഴ്സൻ അറിയിച്ചു.
ടെൻഡർ നടപടികളായാൽ സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കും. നഗരസഭയുടെ ശക്തമായ ഇടപെടലിൽ കെട്ടിടം നിർമാണ അനുമതി സംബന്ധിച്ച് വിവരം ബുധനാഴ്ചയാണ് ലഭിച്ചതെന്ന് ചെയർപേഴ്സൻ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, സ്ഥിരസമിതി അംഗങ്ങളായ എ.പി. പ്രജിത, എം. ബിജു, എൻ.കെ. പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.