ഉമ്മൻ ചാണ്ടിക്ക് ആദരമായി 133 സ്പെഷലിസ്റ്റ് അധ്യാപകരുടെ പേരുകൊണ്ട് അക്ഷരചിത്രം
text_fieldsവടകര: ഉമ്മൻ ചാണ്ടിക്ക് 133 സ്പെഷലിസ്റ്റ് അധ്യാപകരുടെ പേരുകൾ കൊണ്ട് അക്ഷരചിത്രമൊരുക്കി ചിത്രകലാ അധ്യാപകന്റെ ആദരവ്. ചെക്യാട് പാറക്കടവ് ജി.യു.പി സ്കൂൾ അധ്യാപകൻ കണ്ണൂർ പന്ന്യന്നൂർ സ്വദേശി വത്സനാണ് ഉമ്മൻ ചാണ്ടിയുടെ അക്ഷരചിത്രം വരച്ച് മൺമറഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ആദരവ് ഒരുക്കിയത്.
വർഷങ്ങളോളം സ്കൂളുകളിൽ അധ്യാപകരായി നിയമിക്കപ്പെട്ട് നിയമനാംഗീകാരം ലഭിക്കാതെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാതെ ആത്മഹത്യയുടെ മുനമ്പിലായിരുന്നു സംസ്ഥാനത്തെ 133 സ്പെഷലിസ്റ്റ് അധ്യാപകർ.
നിയമന അംഗീകാരം ലഭിക്കാൻ ഇവർ മുട്ടാത്ത വാതിലുകൾ ഉണ്ടായിരുന്നില്ല. മാറിവന്ന സർക്കാറുകൾ ഇവരെ കൈയൊഴിഞ്ഞതോടെ തങ്ങളുടെ പ്രശ്നങ്ങൾ അധ്യാപകർ ഉമ്മൻ ചാണ്ടിയുടെ മുന്നിൽ അവതരിപ്പിക്കുകയായിരുന്നു. 2012 ഏപ്രിൽ 12ന് 133 പേരെ വിവിധ ജില്ലകളിലെ ബി.ആർ.സി കോഓഡിനേറ്റർമാരായി നിയമനം നൽകി ഉത്തരവിറങ്ങി. ചിത്രകല, സംഗീതം, ഫിസിക്കൽ എജുക്കേഷൻ, നീഡിൽ വർക്ക്, ക്രാഫ്റ്റ് അധ്യാപകർക്കാണ് നിയമനം ലഭിച്ചത്. പിന്നീട് ഇവരെ സ്വന്തം ജില്ലകളിൽ രണ്ട് സർക്കാർ സ്കൂളുകളിലായി മാറ്റിനിയമിച്ചു. ചിലർക്ക് ശമ്പളം ലഭിക്കുന്നത് ചുവപ്പുനാടയിൽ കുരുങ്ങിയതോടെ തിരുവനന്തപുരത്ത് എത്തിയ അധ്യാപക പ്രതിനിധികൾക്ക് ഉമ്മൻ ചാണ്ടി നേരിട്ട് വിദ്യാഭ്യാസവകുപ്പിൽ ഇടപെട്ട് മണിക്കൂറുകൾക്കകം ശമ്പളം നൽകാനുള്ള ഉത്തരവും പുറപ്പെടുവിച്ചു. ഈ സംഭവത്തിന്റെ ഓർമചിത്രമായാണ് വത്സൻ ചിത്രകല അധ്യാപകരുടെ പേരുകൾ കൊണ്ട് ചിത്രം വരച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.