ചോറോട് 50 വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ
text_fieldsവടകര: കാലവർഷത്തിൽ തിമിർത്ത് പെയ്യുന്ന മഴയിൽ ചോറോട് ഗ്രാമപഞ്ചായത്തിൽ 50 വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. നിരവധി വീടുകളിൽ വെള്ളം കയറി.
ദേശീയപാതക്ക് പടിഞ്ഞാറ് ഭാഗം പത്തൊമ്പതാം വാർഡിൽ 16 വീടുകളിൽ വെള്ളം കയറി. രമേഷ് ബാബു കക്കോക്കര, പവിത്രൻ കക്കോക്കര, ഇബ്രാഹിം റഹീന മൻസിൽ, അനിരുദ്ധൻ, ഷാബു കല്യാണി സ്വദനം, ഉസ്മാൻ ചിസ്തി മൻസിൽ, പ്രമീള വാഴയിൽ, രഞ്ജിത്ത് അകവളപ്പിൽ, ശേഖരൻ അകവളപ്പിൽ, അഹമ്മദ് മമ്മൂസ്, അസീസ് ടിപ്പുഗർ, വാഴയിൽ ജാനു എന്നിവരുടേതടക്കമുള്ള വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്.
മേഖലയിൽ മൂന്ന് സ്കൂളുകളടക്കം നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. റോഡുകൾ പലതും തോടുകളായി മാറി. ദേശീയപാതയിൽ കലുങ്കിന്റെ പണി പുരോഗമിക്കുകയാണ്. ഇവിടെ നിർമാണപ്രവൃത്തി പാതിവഴിയിലാണ്. നിർമാണം പൂർത്തിയായാലേ വെള്ളക്കെട്ടിന് പരിഹാരമാവുകയുള്ളൂ.
വീടുകളിലേക്കടക്കം വെള്ളം കയറിത്തുടങ്ങിയതോടെ കഴിഞ്ഞ ദിവസം മണ്ണുമാന്തി എത്തിച്ച് വെള്ളം ഒഴുക്കിവിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കെ.ടി ബസാറിലും താഴ്ന്ന ഭാഗങ്ങൾ പലതും വെള്ളത്തിനടിയിലായി. വെള്ളിയാഴ്ച ഉച്ചയോടെ മഴക്ക് അൽപം ശമനമുണ്ടായത് ആശ്വാസമായിട്ടുണ്ട്. കാലവർഷം ശക്തമാവുന്നതിനു മുമ്പ് പ്രദേശത്തുനിന്ന് വെള്ളം ഒഴുക്കിവിടാൻ സംവിധാനം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.