ഗാന്ധിജിയുടെ വടകര സന്ദർശനത്തിന് 90
text_fieldsവടകര: ‘നിന്റെ ത്യാഗം നീ ഉപേക്ഷിച്ച ആഭരണങ്ങളേക്കാൾ സത്യസന്ധമാണ്’- ഗാന്ധിജിയുടെ വടകര സന്ദർശനത്തിനിടെ കൗമുദിയുടെ ഓട്ടോഗ്രാഫിൽ ഗാന്ധിജി കുറിച്ച വാക്കുകളാണിവ. ചരിത്രത്തിൽ മായാതെകിടക്കുന്ന ഗാന്ധിജിയുടെ വരികൾക്കും ഗാന്ധിജിയുടെ വടകര സന്ദർശനത്തിനും ശനിയാഴ്ച 90 വയസ്സ് പൂർത്തിയാകും. ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കാൻ 1934 ജനുവരി 13നാണ് ഗാന്ധിജി വടകരയിൽ സന്ദർശനം നടത്തിയത്.
കോട്ടപ്പറമ്പിലായിരുന്നു വരവേൽപ്. മാഹിയിലെ പുത്തലത്തായിരുന്നു ആദ്യ സന്ദർശനം. അയിത്തോച്ഛാടനത്തിന്റ ഭാഗമായി ഇന്ത്യയിലുടനീളം സഞ്ചരിക്കുന്നതിന്റെ ഭാഗമായാണ് ഗാന്ധിജി വടകരയിലെത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കുന്നതിനിടെ വടകരയിലെത്തിയ ഗാന്ധിജിക്ക് 16കാരിയായ കൗമുദിയും മാണിക്യവും ആഭരണങ്ങൾ നൽകിയത് ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തു. ഗാന്ധിജി തന്റെ പ്രസംഗത്തിന് ശേഷം സമ്മാനങ്ങൾ നൽകാൻ ആവശ്യപ്പെട്ടപ്പോൾ കോട്ടപ്പറമ്പിൽ ചക്കര വിൽക്കാനെത്തിയ ഇരിങ്ങൽ പെരിങ്ങാട്ട് കോവുമ്മൽ വേട്ടുവൻകണ്ടി മാണിക്കം കാതിലെ കൊരണ്ടാണ് അഴിച്ചു നൽകിയത്.
ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്യുന്ന ഗാന്ധിജിക്കുനേരെ കൗമുദി നീട്ടിനൽകിയത് വളകളും സ്വർണ നെക്ലേസുമായിരുന്നു. ചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട ദിനം കൂടിയായിരുന്നു അത്. 1934 ജനുവരി 19ന് പുറത്തിറങ്ങിയ ‘ഹരിജനി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലും ഗാന്ധിജി കൗമുദിയുടെ ധീരകൃത്യത്തെ കുറിച്ച് എഴുതി. സ്നേഹവും ദയയും പ്രവഹിക്കുന്ന ഗാന്ധിജിയുടെ വാക്കുകൾ ശ്രവിക്കാൻ നൂറുകണക്കിന് പേരായിരുന്നു കോട്ടപ്പറമ്പിൽ തടിച്ചുകൂടിയത്. കേരളത്തിൽ അഞ്ചു തവണയാണ് ഗാന്ധിജി സന്ദർശനം നടത്തിയത്. നാലാമത്തെ സന്ദർശനമായിരുന്നു വടകരയിലേത്. ഗാന്ധിജിയുടെ വടകര സന്ദർശനത്തിന് ഒമ്പത് പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ ഒരു വർഷം നീളുന്ന പരിപാടികളാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.