ജില്ല ആശുപത്രി വികസനത്തിന് കേന്ദ്ര സർക്കാറിന്റെ 98.50 കോടി
text_fieldsവടകര: പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയിലേക്ക് (പി.എം.ജെ.വി.കെ) ഗവ. ജില്ല ആശുപത്രി സമര്‍പ്പിച്ച 98.50 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാനതല സമിതിയുടെ അംഗീകാരം. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് പദ്ധതി അംഗീകരിച്ചത്. ജില്ല ആശുപത്രിയിലെ ധന്വന്തരി ഡയാലിസിസ് സെൻററില്‍ 40 യന്ത്രങ്ങള്‍ സ്ഥാപിക്കാനുള്ള രണ്ടുകോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സമിതി അംഗീകാരം നല്കി.
പുതിയ കെട്ടിടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയാണ് 95.50 കോടിയുടേത്. നേരത്തേ ആര്‍ദ്രം പദ്ധതിയിലേക്ക് കൊടുക്കാൻ യു.എല്‍.സി.സി.എസ് 98 കോടിയുടെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. ഇതാണ് പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയിലേക്ക് സമര്‍പ്പിച്ചത്.
ജില്ലതല സമിതി പദ്ധതി പരിശോധിച്ചപ്പോള്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരി 13നുമുമ്പ് വിശദമായ പ്ലാന്‍, ഡി.പി.ആര്, വിവിധ സാക്ഷ്യപത്രങ്ങള്‍ എന്നിവ സമര്‍പ്പിക്കാനായിരുന്നു ജില്ല പ്ലാനിങ് ഓഫിസറുടെ നിര്‍ദേശം. സമയം നീട്ടിവാങ്ങിയശേഷം ആശുപത്രി അധികൃതരും മറ്റും ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കി. 19ന് രേഖകള്‍ സമര്‍പ്പിച്ചു. 30ന് നടന്ന ജില്ലതല യോഗത്തില്‍ പദ്ധതി അംഗീകരിച്ചു.
നിലവില്‍ ജില്ല ആശുപത്രിയില്‍ 13 കോടിയുടെ വികസന പ്രവൃത്തികള്‍ നടന്നുവരുകയാണ്. പുതിയ കെട്ടിട നിർമാണം പൂര്‍ത്തിയാവുന്നതോടെ പലഭാഗങ്ങളിലായി കിടക്കുന്ന ആശുപത്രിയിലെ യൂനിറ്റുകളെല്ലാം ഒരു കുടക്കീഴിലാവും. 10 നില കെട്ടിടം വരെ നിർമിക്കാന്‍ പാകത്തിലാണ് അടിത്തറ ഒരുക്കിയത്. കഴിഞ്ഞ ഇടതുസര്‍ക്കാറിെൻറ കാലത്താണ് താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയാക്കിയത്. പേരില്‍ ജില്ല ആശുപത്രിയായെങ്കിലും സേവനം കമ്യൂണിറ്റി ഹെല്‍ത്ത് സെൻററിേൻറതിനു തുല്യമാണെന്നാണ് നിലവിലെ ആക്ഷേപം. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതാണ് പ്രധാന പ്രശ്നം.
ജില്ല ആശുപത്രിയിൽ എഴുപതോളം ഡോക്ടര്‍മാര്‍ വേണം. പകുതിയോളം ഡോക്ടര്‍മാരെ വെച്ചാണിപ്പോള്‍ ആശുപത്രി പ്രവർത്തിക്കുന്നത്. സ്റ്റാഫ് നഴ്സ്, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ജീവനക്കാര്‍, ശുചീകരണ ജോലിക്കാര്‍ എന്നിവരെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള രീതിയനുസരിച്ചാണ്. വികസന പ്രവൃത്തികള്‍ യാഥാർഥ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.