വടകര കുടുംബകോടതിക്ക് പുതിയ കെട്ടിടം നിർമിക്കുന്നു
text_fieldsവടകര: ഏറെ കാലത്തെ കാത്തിരിപ്പിനിടയിൽ 9.20 രൂപ ചെലവിൽ വടകര കുടുംബകോടതിക്ക് പുതിയകെട്ടിടം. ആധുനിക സജ്ജീകരണങ്ങളോടെ നാല് നിലകളിലായാണ് കെട്ടിടം നിർമിക്കുന്നത്. വിശാലമായ പാർക്കിങ് ഏരിയ കെട്ടിടത്തിന്റെ ഭാഗമായുണ്ടാവും. ഗ്രൗണ്ട് ഫ്ലോറിൽ കോർട്ട് ഹാൾ, ജഡ്ജിയുടെ ചേംബർ, കൗൺസലിങ് മുറി, ടോയിലറ്റ്, ഒന്നും രണ്ടും നിലകളിൽ ലൈബ്രറി, അഡ്വക്കറ്റ് റൂം, ക്ലർക്ക് റൂം എന്നിവക്ക് സൗകര്യമൊരുക്കും.
2009ൽ വടകര ആസ്ഥാനമായി കുടുംബകോടതി സ്ഥാപിച്ചപ്പോൾ വടകര ബാർ അസോസിയേഷൻ ഹാളും ലൈബ്രറി ഹാളും കുടുംബകോടതിക്കായി വിട്ടുകൊടുത്തത്. കുടുംബകോടതി സ്ഥാപിതമായി വർഷങ്ങൾ കഴിഞ്ഞിട്ടും സ്വന്തം കെട്ടിടം യാഥാർഥ്യമായിരുന്നില്ല.
പഴയ കെട്ടിടത്തിൽ അഭിഭാഷകരും കക്ഷികളും ഏറെ ബുദ്ധിമുട്ടിയാണ് കഴിഞ്ഞിരുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതിനായി 2018ൽ 2.58 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ, നിർമാണത്തിനു മുന്നോടിയായുള്ള പരിശോധനയിൽ മണ്ണിന് ഉറപ്പില്ല എന്ന് കണ്ടെത്തുകയും പൈലിങ് നടത്തി പില്ലർ സ്ഥാപിക്കുന്ന പ്രവൃത്തികൂടി ഉൾപ്പെടുത്തി എസ്റ്റിമേറ്റ് റിവൈസ് ചെയ്യുകയായിരുന്നു.
കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഈമാസം 28ന് വൈകീട്ട് നാലു മണിക്ക് ഹൈകോടതി ജഡ്ജി രാജവിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ജില്ല ജഡ്ജി പ്രദീപ് കുമാർ അധ്യക്ഷത വഹിക്കും. കെ. മുരളീധരൻ എം.പി, കെ.കെ. രമ എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൻ കെ.പി. ബിന്ദു, ജനപ്രതിനിധികൾ ബാർ അസോസിയേഷൻ ഭാരവാഹികൾ ചടങ്ങിൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.