ട്രെയിനിൽനിന്നുവീണ യുവതിക്ക് രക്ഷകനായി യാത്രക്കാരൻ
text_fieldsവടകര: ട്രെയിൻയാത്രക്കിടെ പുറത്തേക്ക് തെറിച്ചുവീണ യുവതിക്ക് യാത്രക്കാരന്റെ അവസരോചിത ഇടപെടലിൽ പുതുജീവൻ. കോട്ടയം സ്വദേശിനി ജിസ്മോൾ തോമസാണ് ട്രെയിൻ യാത്രക്കിടെ തലകറങ്ങി ട്രെയിനിന്റെ വാതിൽപ്പടിയിൽനിന്ന് പട്ടാമ്പിക്കടുത്തുവെച്ച് പുറത്തേക്ക് തെറിച്ചുവീണത്. വെള്ളിയാഴ്ച വൈകീട്ട് 3.45ഓടെ പരശുറാം എക്സ്പ്രസിൽ വെച്ചായിരുന്നു സംഭവം.
കാഴ്ചകണ്ട പതിയാരക്കര കുയ്യാൽ മീത്തൽ മിൻഹത്ത് യുവതിക്ക് രക്ഷകനായി മാറുകയായിരുന്നു. തൊട്ടടുത്തുനിന്ന് വീഴുന്നതിനിടെ യുവതിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും കൈവിട്ടു പോയതോടെ അപായച്ചങ്ങല വലിച്ച് മിൻഹത്ത് ട്രെയിൻ നിർത്തുകയുണ്ടായി. യുവതി വീണ സ്ഥലത്തുനിന്ന് ഏറെ മുന്നോട്ടുപോയാണ് ട്രെയിൻ നിർത്തിയത്. മിൻഹത്ത് പിന്നിലേക്ക് ഓടി പുറത്തേക്കിറങ്ങി യുവതിക്ക് മറ്റ് യാത്രക്കാരുടെ സഹായത്തോടെ പ്രഥമ ശുശ്രൂഷ നൽകി. സമീപത്തെ വീട്ടിലെത്തി വാഹനം ലഭ്യമാക്കി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ട്രെയിൻ നിർത്തിയാൽ വീണ്ടും പോകാൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.
ഇതു തിരിച്ചറിഞ്ഞ മിൻഹത്ത് മറ്റു യാത്രക്കാരെ കാര്യം ധരിപ്പിച്ച് രക്ഷാപ്രവർത്തനത്തിന് ആക്കം കൂട്ടി. തലക്ക് പരിക്കേറ്റ ജിസ്മോളെ ബന്ധുക്കളെത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടനില തരണം ചെയ്തതോടെ ശനിയാഴ്ച വീട്ടിലേക്ക് പോയി. എൻജിനീയറിങ് കഴിഞ്ഞ മിൻഹത്ത് എറണാകുളത്തുനിന്ന് വടകരയിലേക്കുള്ള യാത്രയിലും ജിസ്മോൾ വളാഞ്ചേരിയിലേക്കുള്ള യാത്രയിലുമായിരുന്നു. പതിയാരക്കര കുയ്യാൽ മീത്തൽ ഹമീദിന്റെ മകനായ മിൻഹത്ത് ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.