ദേശീയപാത നിർമാണത്തിലെ അപാകത; ഓവുചാൽ സ്ലാബുകൾ തകരുന്നു
text_fieldsവടകര: ദേശീയപാതയിൽ സർവിസ് റോഡുകളോട് ചേർന്ന് നിർമിച്ച ഓവുചാൽ സ്ലാബുകൾ തകരുന്നു. നിർമാണത്തിൽ അപാകതയാണ് തകർച്ചക്ക് കാരണം. അഴിയൂർ റീച്ചിൽ പലയിടങ്ങളിലും ഓവുചാൽ സ്ലാബുകൾ തകർന്ന് കിടക്കുകയാണ്. ഓവുചാൽ സ്ലാബുകൾ ഉൾപ്പെടെയാണ് സർവിസ് റോഡിന്റെ വീതി. പാത നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ സർവിസ് റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. വാഹനങ്ങൾ ഓവുചാൽ സ്ലാബുകൾക്ക് മുകളിലൂടെ കയറിയിറങ്ങുമ്പോഴാണ് തകരുന്നത്. ഓവുചാൽ സ്ലാബുകൾ തകർന്ന് കിടക്കുന്നത് ശ്രദ്ധയിൽപെടാത്തത് അപകടക്കുരുക്കായും മാറുന്നുണ്ട്. കാൽ നടയാത്രക്കാർ ഉൾപ്പെടെ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്.
ഗുണനിലവാരമില്ലാത്ത കോൺക്രീറ്റ് ഉപയോഗിച്ചതാണ് തകർച്ചക്കിടയാക്കുന്നതെന്ന് ആക്ഷേപമുണ്ട്. മേൽപ്പാത നിർമാണം നടക്കുന്നതിനാൽ വടകര പുതിയ ബസ് സ്റ്റാൻഡ് മുതൽ അടക്കാത്തെരു ജങ്ഷൻവരെ ഇത്തരത്തിലുള്ള ഓവുചാലിന് മുകളിലൂടെയാണ് പല സ്ഥലത്തും വാഹനങ്ങൾ കടന്നുപോകുന്നത്. ഇത് വലിയതരത്തിലുള്ള അപകടങ്ങൾ വിളിച്ചു വരുത്തിയേക്കും. പൊട്ടിയ സ്ലാബുകൾ മാറ്റാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാവുന്നില്ല. സർവിസ് റോഡിന് സമീപം കാൽനടയാത്രക്കാർക്ക് നടക്കുന്നതിനുള്ള സൗകര്യമില്ലാത്ത സാഹചര്യത്തിൽ അധികൃതർ പൊട്ടിയ സ്ലാബുകൾ മാറ്റാത്തത് പ്രതിഷേധാർഹമാണെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.