പുതുവത്സരപ്പിറവിയെ നടുക്കി യുവാക്കളുടെ അപകടമരണം
text_fieldsവടകര: പുതുവത്സരപ്പിറവിയിൽ രണ്ട് യുവാക്കളുടെ മരണം നാടിനെ നടുക്കി. കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കമൽ ജിത്തിന്റെയും അശ്വന്തിന്റെയും മരണവിവരം ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്.
വെള്ളിയാഴ്ച് രാത്രി അറക്കലാട് പ്രദേശത്തുതന്നെ ഉണ്ടായിരുന്ന യുവാക്കൾ ശനിയാഴ്ച് പുലർച്ചയോടെ മരിച്ചത് പലർക്കും വിശ്വസിക്കാനായില്ല.
ഒപ്പമുണ്ടായിരുന്ന ആദർശിന് അപകടത്തിൽ ഗുരുതര പരിക്കേൽക്കുകയും ചെയ്തു. അറക്കിലാട് പ്രദേശത്ത് പുതുവർഷാഘോഷ പരിപാടികളിൽ സജീവമായിരുന്നു ഇരുവരും. നാട്ടിലെ പുതുവർഷ ആഘോഷത്തിനുശേഷം സുഹൃത്തുക്കളായ കമൽ ജിത്തും അശ്വന്തും ആദർശും പുലർച്ച രണ്ടരയോടെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടുകയായിരുന്നു.
അശ്വന്തിന്റെ ഓട്ടോറിക്ഷയിലാണ് ഇവർ യാത്ര പുറപ്പെട്ടത്. അതിരാവിലെതന്നെ മടപ്പുരയിലെത്തിയ ഇവർ ക്ഷേത്ര ദർശനത്തിനിടെ എടുത്ത ഫോട്ടോകൾ സുഹൃത്തുക്കളുമായും സമൂഹ മാധ്യമങ്ങളിലും പങ്കുവെച്ചിരുന്നു. മടക്കയാത്രക്കിടെയാണ് അപകടം. മൂവരും സഞ്ചരിച്ച ഓട്ടോറിക്ഷയും ലോറിയും കണ്ണൂർ തളിപ്പറമ്പ് ദേശീയപാതയിലെ ചുങ്കം മുത്തപ്പൻ ക്ഷേത്രത്തിനു സമീപം കൂട്ടിയിടിക്കുകയായിരുന്നു.
കമൽജിത്തും അശ്വന്തും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആദർശ് കണ്ണൂർ കൊയിലി ആശുപത്രിയിൽ ചികിത്സയിലാണ്.
അറക്കിലാട് അംബേദ്കർ കോളനിക്ക് സമീപത്താണ് മരിച്ച കമൽ ജിത്തിന്റെയും പരിക്കേറ്റ ആദർശിന്റെയും വീട്. മരിച്ച അശ്വന്തിന്റെ വീട് വൈക്കിലശ്ശേരി റോഡിലുമാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.