അഴിയൂരിൽ മലിനജലം പൊതുസ്ഥലത്ത് ഒഴുക്കിയ 30 വീട്ടുകാർക്ക് നോട്ടീസ്
text_fieldsവടകര: അഴിയൂരിൽ മലിനജലം പൊതുസ്ഥലങ്ങളിലേക്ക് ഒഴുക്കി വിടുന്നത് തടയാൻ കർശന നടപടിയുമായി ഗ്രാമ പഞ്ചായത്ത് 30 വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. മലിന ജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനു പൈപ്പുകൾ സ്ഥാപിച്ച വീട്ടുകാർക്കാണ് നോട്ടീസ് നൽകിയത്.
ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് ചാരങ്കയിൽ, പുളിയേരി നട, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയത്.റെയിൽവെ സ്റ്റേഷനു അടുത്തുള്ള ഹിബ കോംപ്ലക്സ് ഉടമക്ക് നോട്ടീസ് നൽകി.
മാഹി പെട്രോൾ പമ്പിലെ ജീവനക്കാരായ 20 ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമസ്ഥനോട് ഇതര തൊഴിലാളികളെ മൂന്നുദിവസത്തിനകം മാറ്റി വൃത്തിഹീനമായ പരിസരം ശുചീകരിച്ച് പുറത്തേക്കിട്ട മലിന ജല പൈപ്പിന് പകരം പുതിയ സംവിധാനം ഉണ്ടാക്കുവാൻ നിർദ്ദേശം നൽകി. ഒരാഴ്ചക്കകം പകരം സംവിധാനം ചെയ്തില്ലെങ്കിൽ കേരള പഞ്ചായത്ത് രാജ് നിയമം പ്രകാരം 25000 രൂപ വരെ പിഴയും നിയമ നടപടിയും എടുക്കുമെന്ന് അധികൃതർ അറിയിച്ചു. നോട്ടീസ് നൽകിയ വീടുകളിലും സ്ഥാപനങ്ങളിലും ആശാ വർക്കർമാർ വീണ്ടും പരിശോധന നടത്തും.
നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ മുന്നറിപ്പില്ലാതെ നടപടി സ്വീകരിക്കും. പരിശോധനക്കൊപ്പം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബോധവത്കരവും നടത്തി. പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് നേതൃത്വം നൽകി. പഞ്ചായത്ത് ജീവനക്കാരായ എച്ച്. മുജീബ് റഹ്മാൻ, ജെ.എച്ച്.ഐ സി. റീന, എ.രജനി, പഞ്ചായത്ത് മെമ്പർ ഫിറോസ് കാളാണ്ടി, ബ്ലോക്ക് മെമ്പർ കെ. ബിന്ദു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.