അഡ്വ. എം.കെ. പ്രേംനാഥ്: സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെപിടിച്ച നേതാവ്
text_fieldsവടകര: സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെപിടിച്ച നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അഡ്വ. എം.കെ. പ്രേംനാഥ്. ലാളിത്യവും വിനയവും കൈമുതലാക്കിയ പ്രേംനാഥ് നേതൃത്വവുമായി പലപ്പോഴും ഇടഞ്ഞപ്പോൾ തന്റെ ആദർശങ്ങൾ മുറുകെപിടിച്ചുള്ള പോരാട്ടമാണ് നടത്തിയത്. വിനയാന്വിതനായ രാഷ്ടീയപ്രവർത്തനത്തിന് ഉടമയായതുകൊണ്ടുതന്നെ ജനഹൃദയത്തിലായിരുന്നു പ്രേംനാഥിന്റ സ്ഥാനം.
കൊച്ചിയിൽ വിമതയോഗം വിളിച്ചെന്ന കുറ്റംചുമത്തി സംസ്ഥാന നേതൃത്വം സോഷ്യലിസ്റ്റ് ജനത വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ പാര്‍ട്ടിവിരുദ്ധമായ ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും ആശയസമരമാണ് നടത്തിയതെന്നുമാണ് പ്രതികരിച്ചത്. അടിയന്തരാവസ്ഥ കാലത്ത് ക്രൂരമായ പൊലീസ് മർദനങ്ങൾക്കിരയായി ജയിലിൽ കഴിഞ്ഞു. സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങൾ കേട്ടുവളർന്ന പ്രേംനാഥ് വിദ്യാർഥി ജീവിതകാലത്തുതന്നെ സോഷ്യലിസ്റ്റ് നേതാവായി.
വിദ്യാർഥിപ്രസ്ഥാനമായ ഐ.എസ്.ഒവിലേക്ക് കടന്നുവന്ന അദ്ദേഹം കോഴിക്കോട്ട് നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തി ന്റെ ക്രൂരമർദനത്തിനും ഇരയായി. മുക്കത്തെ ബി.പി. മൊയ്തീൻ, ഏറാമലയിലെ കുന്നോത്ത് ശങ്കരൻ, ചോറോട് മമ്പറത്ത് ബാലൻ നായർ, നടക്കുതാഴയിലെ എ.പി. കുമാരൻ തുടങ്ങിയവരാണ് അദ്ദേഹത്തോടൊപ്പം നിരോധനാജ്ഞ ലംഘിച്ചത്. നിയമസഭ സാമാജികൻ എന്ന നിലയിൽ വടകരയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ ഉൾപെടെ നിരവധി വികസന പ്രവർത്തനങ്ങൾക്കും നേതൃത്വപരമായ പങ്കുവഹിച്ചു.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ വളക്കൂറുള്ള ഏറാമലയിലാണ് രാഷ്ടീയപ്രവർത്തനത്തിന് തുടക്കമിട്ടത്. 2006ൽ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫ് പാളയത്തിലെത്തി സോഷ്യലിസ്റ്റ് ജനത സ്ഥാനാർഥിയായി വടകരയിൽ രണ്ടാം അങ്കത്തിനിറങ്ങിയപ്പോൾ പ്രേംനാഥിന് അടിപതറി. ദേശീയപാത വികസനത്തിൽ ഇരകൾക്കൊപ്പം നിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
‘സ്വാതന്ത്ര്യം തന്നെ അമൃതം’ എന്ന പുസ്തകവും രചിച്ചിരുന്നു. പുസ്തക പ്രകാശനം നിർവഹിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. സോഷ്യലിസ്റ്റ് നേതാവിന്റെ പുസ്തകപ്രകാശനം മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ രാഷ്ട്രീയത്തിനപ്പുറമുള്ള സുഹൃദ് ബന്ധങ്ങളെ കുറിച്ചായിരുന്നു പ്രേംനാഥിന് പറയാനുണ്ടായിരുന്നത്. രാഷ്ടീയപ്രവർത്തനത്തിനുപരി വ്യക്തിബന്ധങ്ങൾ ദൃഢമായി സൂക്ഷിക്കുന്നതിൽ മുൻനിരയിലുള്ള നേതാവായിരുന്നു അദ്ദേഹം.
വടകരയിലും ഓർക്കാട്ടേരിയിലും ചോമ്പാലയിലും പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ രാഷ്ടീയ സാംസ്കാരിക രംഗത്തുനിന്നടക്കമുള്ള നിരവധി പേർ അന്ത്യോപചാരം അർപ്പിച്ചു. ഔദ്യോഗിക ബഹുമതിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.