വടകരയിൽ ആംബുലൻസ് ഡ്രൈവർമാർ കൊമ്പുകോർക്കുന്നത് രോഗികളെ വലക്കുന്നു
text_fieldsവടകര: ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ നിലനിൽക്കുന്ന പകയും ഓട്ടത്തെ ചൊല്ലിയുള്ള സംഘർഷവും വടകരയിൽ രോഗികളെ ദുരിതത്തിലാക്കുന്നു.
അത്യാസന്ന രോഗികൾക്ക് അത്താണിയാകേണ്ട ആംബുലൻസ് ഡ്രൈവർമാർ തെരുവിൽ ഓട്ടത്തെ ചൊല്ലി ഏറ്റുമുട്ടുന്നത് പതിവാകുന്നു. ഉത്തരവാദപ്പെട്ടവർ പ്രശ്നത്തിന് പരിഹാരം കാണാതെ മാറിനിൽക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. അത്യാസന്ന രോഗികൾ ആംബുലൻസിനായി നെട്ടോട്ടമോടുമ്പോഴാണ് ഡ്രൈവർമാരുടെ തമ്മിൽത്തല്ല്.
വിവിധ ചാരിറ്റി സംഘടനകൾ, ആശുപത്രികൾ, സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള 40ഓളം ആംബുലൻസുകൾ മേഖലയിൽ സർവിസ് നടത്തുന്നുണ്ട്. വടകര സഹകരണ ആശുപത്രി പരിസരത്ത് ദേശീയപാതയോടു ചേർന്ന് സർവിസ് നടത്തിയിരുന്ന ആംബുലൻസുകാരിൽ ഉടലെടുത്ത പ്രശ്നങ്ങളാണ് തെരുവ് സംഘർഷത്തിലേക്ക് നീങ്ങുന്നത്.
ആംബുലൻസ് കോഓഡിനേഷൻ കമ്മിറ്റിയായും സഹായി വടകര ഡ്രൈവേഴ്സ് കൂട്ടായ്മയായും വേർപിരിഞ്ഞവർ തമ്മിലാണ് പ്രശ്നങ്ങൾ. സഹായി കൂട്ടായ്മ ആശ ഹോസ്പിപിറ്റൽ പരിസരം കേന്ദ്രീകരിച്ച് സർവിസ് നടത്തുകയാണ്. കഴിഞ്ഞദിവസം രണ്ടുവിഭാഗം ആംബുലൻസ് ഡ്രൈവർമാരോടും ജെ.ടി റോഡിൽവെച്ച് സർവിസ് നടത്താൻ ആർ.ടി.ഒ നിർദേശിച്ചിരുന്നു.
ഇവിടെവെച്ച് വീണ്ടും കൈയാങ്കളിയുണ്ടായി. ഓട്ടത്തിന് കോഓഡിനേഷൻ കമ്മിറ്റി ഉണ്ടാക്കിയ നിർദേശം പലതും പ്രായോഗികമല്ലെന്നാണ് സഹായി കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നത്. ചാരിറ്റി ലക്ഷ്യംവെച്ചുള്ള ഓട്ടത്തിന് കോഓഡിനേഷൻ നിർദേശപ്രകാരം ഓടാൻ ബുദ്ധിമുട്ടാണെന്നും മറ്റു വാഹനങ്ങൾ ഓടുന്നതുപോലെ ആംബുലൻസിന് പോകാൻ കഴിയില്ലെന്നുമാണ് ഇവർ പറയുന്നത്.
എന്നാൽ, ഇവരുടെ വാദം ശരിയല്ലെന്നാണ് മറുപക്ഷത്തിന്റ ആരോപണം. വടകരയിൽനിന്ന് കോഴിക്കോട്ടേക്ക് ആംബുലൻസിന് പലവിധ വാടകയാണ് ഈടാക്കുന്നത്. ജില്ല ആശുപത്രി 1500 രൂപയും ചാരിറ്റി വാഹനങ്ങൾ-1800ഉം മറ്റുള്ളവർ 2000ത്തിന് മുകളിലുമാണ് തുക ഈടാക്കുന്നത്.
ജെ.ടി റോഡിലേക്ക് ആംബുലൻസ് പാർക്കിങ് മാറ്റിയതിനെതിരെയും പരാതിയുണ്ട്. സമീപവാസികൾ ഇതിനെതിരെ രംഗെത്തത്തിയിട്ടുണ്ട്.
സാധാരണയായി ആശുപത്രികൾ കേന്ദ്രീകരിച്ച് സർവിസ് നടത്തേണ്ട ആംബുലൻസ് ജെ.ടി റോഡിലേക്ക് മാറ്റിയത് പ്രായോഗികമല്ലെന്നും വിമർശനമുണ്ട്. ആംബുലൻസ് ഡ്രൈവർമാരിൽ അനുരഞ്ജനമുണ്ടാക്കിയില്ലെങ്കിൽ രോഗികളുടെ ജീവന് വെല്ലുവിളിയാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.