അമൃത് ഭാരത് പദ്ധതി; വടകര റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
text_fieldsവടകര: അമൃത് ഭാരത് പദ്ധതിയിൽ വികസിപ്പിക്കുന്ന വടകര റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു. വിശാലമായ പാർക്കിങ് സൗകര്യമുൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷന്റെ പ്രവൃത്തി ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. 21.66 കോടി രൂപയുടെ വികസനമാണ് നടപ്പാക്കുന്നത്. യാത്രക്കാർക്കുള്ള കാത്തിരിപ്പ് മുറികൾ, ശൗചാലയം, യാത്രക്കാർക്കുള്ള റിസര്‍വേഷന്‍ സംവിധാനം തുടങ്ങിയവയുടെ പ്രവൃത്തി നടന്നുവരികയാണ്.
പദ്ധതിയുടെ ഭാഗമായുള്ള പ്ലാറ്റ് ഫോം ഉയർത്തുന്ന പ്രവൃത്തി ഏതാണ്ട് പൂർത്തിയായി. പ്ലാറ്റ്ഫോമിന്റെ ഉയരം 84 സെന്റീമീറ്ററായി ഉയർത്തി. പ്ലാറ്റ് ഫോം ഉയർത്തിയത് യാത്രക്കാർക്ക് ട്രെയിനിൽ കയറാനും ഇറങ്ങാനും ഏറെ ഉപകാരപ്രദമായിട്ടുണ്ട്. ഏറെക്കാലത്തെ ആവശ്യമായിരുന്നു പ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടുകയെന്ന പ്രവൃത്തി. കെ. മുരളീധരൻ എം.പിയുടെ ശ്രമഫലമായാണ് ഫണ്ട് അനുവദിച്ചത്.
ഒന്നാം പ്ലാറ്റ് ഫോമിൽ പുതിയ ഇരിപ്പിടവും മേൽക്കൂര നവീകരണവും പൂർത്തിയായിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ പുതുതായി പതിനായിരം ചതുരശ്ര മീറ്ററിലുള്ള പാർക്കിങ് സ്ഥലമാണ് ഒരുങ്ങുന്നത്. രണ്ട് തട്ടുകളിലായാണ് ഇത് പൂർത്തീകരിക്കുന്നത്. സ്റ്റേഷനിലെത്തുന്ന മുഴുവൻ വാഹനങ്ങളും ഉൾക്കൊള്ളാൻ കഴിയുന്നതരത്തിലാണ് നിർമാണം. 2024 ഏപ്രിലോടെ പ്രവൃത്തി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡുകളും യോജിപ്പിച്ചുള്ള റോഡ് സൗകര്യവും പദ്ധതിയുടെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.