വീട് നിർമാണത്തിനായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയത് ആറ് വർഷം; പോരാട്ടത്തിനൊടുവിൽ അനുമതി നേടിയെടുത്ത് പ്രവാസി
text_fieldsവടകര (കോഴിക്കോട്): വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവാസിയുടെ പോരാട്ടത്തിന് ആറ് വർഷം. ഒടുവിൽ ഡി.ഡി.പിയുടെ ഇടപെടലിൽ അനുമതി. കണ്ണൂക്കര വട്ടക്കണ്ടി നിസാർ ഹംസയാണ് ഒരു മാസത്തിനകം ലഭിക്കേണ്ട കെട്ടിട അനുമതിക്കായി ആറു വർഷവും നാലു മാസവും ഓഫിസ് കയറിയിറങ്ങിയത്.
അഴിയൂർ ഗ്രാമപഞ്ചായത്തിൽ 2015 ഏപ്രിൽ ഒമ്പതിനാണ് അഴിയൂർ കോറോത്ത് റോഡിൽ പനാടേമ്മൽ സ്കൂളിനടുത്ത് വീട് നിർമിക്കാനുള്ള അനുമതിക്കായി അപേക്ഷ നൽകിയത്.
അപേക്ഷ നൽകി എട്ടു മാസത്തിനുശേഷം റോഡിൽനിന്ന് മൂന്നു മീറ്റർ വിടാതെ കെട്ടിടം നിർമിക്കുന്നുവെന്ന് കാണിച്ച് അപേക്ഷ നിരസിച്ചു. ഉദ്യോഗസ്ഥർ തെറ്റായി അളന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ ഓഫിസിൽ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ ഗ്രാമപഞ്ചായത്ത് അംഗത്തിെൻറ സാന്നിധ്യത്തിൽ അളന്നപ്പോൾ 3.20 മീറ്റർ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും അനുമതി നൽകിയില്ല. ഇതോടെ തെറ്റായി അളന്ന ഉദ്യോഗസ്ഥെൻറയും കത്ത് നൽകിയ സെക്രട്ടറിയുടെയും വിവരങ്ങൾ ചോദിച്ച് വിവരാവകാശം നൽകിയപ്പോൾ ഫയലിൽ ലഭ്യമല്ലെന്ന് മറുപടി നൽകി. രണ്ടാമത്തെ അളവ് രേഖപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടി.
മാറി വന്ന ഉദ്യോഗസ്ഥരും നിലപാട് തുടരുകയായിരുന്നെന്ന് നിസാർ ഹംസ പറഞ്ഞു. പിന്നീട് പുതിയ അപേക്ഷ ആവശ്യപ്പെട്ടതോടെ നേരേത്ത നൽകിയ അപേക്ഷ ലഭിക്കാൻ വിവരാവകാശ പ്രകാരം അപേക്ഷ നൽകി. ഇതിന് അധികൃതർ വ്യാജ അപേക്ഷ നൽകി. ഇതോടെ കലക്ടർക്ക് പരാതി നൽകി. ഇതിനിടെ വാക്കാൽ കെട്ടിടത്തിെൻറ പ്രവൃത്തി നടത്താൻ അനുമതി നൽകി. പിന്നീട് നിർമിച്ച ഷോവാൾ പൊളിച്ചു മാറ്റാനും ആവശ്യപ്പെട്ടു.
ചോറോട് പെർഫോമൻസ് ഓഡിറ്റിങ് സൂപ്പർവൈസർക്ക് നൽകിയ പരാതിയിൽ ഷോവാൾ പൊളിക്കേെണ്ടന്ന് നിർദേശം നൽകി. 'ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓർക്കണമെന്ന' മുഖ്യമന്ത്രിയുടെ പ്രസ്താവന കണ്ട് നിസാർ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, അസിസ്റ്റൻറ് ഡയറക്ടർ ഓഫ് പഞ്ചായത്ത് സംസ്ഥാന വിവരാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകി.
ഡി.ഡി.പി എ.വി. അബ്ദുൾ ലത്തീഫിെൻറ ഉത്തരവിൽ നിസാറിെൻറ വാദങ്ങൾ അംഗീകരിച്ച് കഴിഞ്ഞ ദിവസം കെട്ടിട അനുമതി നൽകുകയായിരുന്നു. ഖത്തറിൽ ജോലിചെയ്യുന്ന നിസാർ ഹംസ കോവിഡിൽ രണ്ടു വർഷമായി നാട്ടിൽ കഴിയുകയാണ്. ഭാര്യ അർബുദത്തിന് ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.