അഴിത്തല ഫിഷ് ലാൻഡിങ് സെന്റർ; പ്രതീക്ഷക്ക് ചിറക് മുളക്കുന്നു
text_fieldsവടകര: അഴിത്തല ഫിഷ് ലാൻഡിങ് സെന്റർ പ്രതീക്ഷ കൈവിടാതെ മത്സ്യത്തൊഴിലാളികൾ ഫിഷറീസ് ഹാർബർ എൻജിനീയറിങ് വിഭാഗം തയാറാക്കിയ പദ്ധതി സാങ്കേതികാനുമതിക്കായി സർക്കാറിന് സമർപ്പിച്ചു. അഴിത്തല കേന്ദ്രീകരിച്ച് മത്സ്യബന്ധന മേഖലയിലെ 500ഓളം വള്ളങ്ങളിലായി 1500ലധികം മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും മത്സ്യബന്ധനം നടത്തുന്നുണ്ട്.
പതിറ്റാണ്ടുകളായുള്ള മത്സ്യത്തൊഴിലാളികളുടെ ആവശ്യമാണ് ഫിഷ് ലാൻഡിങ് സെന്റർ. ഫിഷ് ലാൻഡിങ് സെന്റർ നിർമിക്കുന്നതിന് 1998ൽ സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപയാണ് അനുവദിച്ചത്. സാന്റ്ബാങ്ക്സിൽ മാവൂർ ഗ്വാളിയോർ റയോൺസ് ബംഗ്ലാവിനടുത്താണ് പദ്ധതിക്ക് നഗരസഭ സ്ഥലം കണ്ടെത്തിയത്.
നഗരസഭ പദ്ധതി വിഹിതത്തിൽ നിന്നും വിവിധ വാർഷിക പദ്ധതികളിലായി താൽക്കാലിക ജെട്ടിയും ചെറിയ മേൽക്കൂരയും പണിത ഇവിടെ മത്സ്യത്തൊഴിലാളികൾ പരിമിതമായ സ്ഥലത്താണ് നിലവിൽ വള്ളം അടുപ്പിക്കുന്നത്.
ഫിഷറീസ് ഹാർബർ എൻജിനീയറിങ് വിഭാഗം പദ്ധതിക്ക് തയാറാക്കിയ ഡി.പി.ആർ അനുസരിച്ച് നേരത്തെ 20 ലക്ഷം രൂപയും പിന്നീട് 45 ലക്ഷം രൂപയുടെയും എസ്റ്റിമേറ്റ് സർക്കാറിലേക്ക് ഭരണാനുമതിക്കായി സമർപ്പിച്ചിരുന്നു. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു പ്രവർത്തനങ്ങളും നടത്താതെ ഏറെക്കാലം നീണ്ടുപോവുകയായിരുന്നു.
കൗൺസിലർ പി.വി. ഹാഷിം മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച ഉപസമിതിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഓഖി ഫണ്ടിൽ ഉൾപ്പെടുത്തി പദ്ധതി പ്രാവർത്തികമാക്കാൻ പരാതി സമർപ്പിച്ചെങ്കിലും ഭരണാനുമതി ലഭിച്ചില്ല.
ഹാർബർ എൻജിനീയറിങ് വകുപ്പ് വടകരയിൽ സംഘടിപ്പിച്ച തീരസദസ്സ് പരിപാടിയിൽ വിഷയം മന്ത്രി സജി ചെറിയാന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് വിശദമായ ഡി.പി.ആർ തയാറാക്കാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് ഹാർബർ എൻജിനീയറിങ് വിഭാഗം നേരത്തെ തയാറാക്കിയ എസ്റ്റിമേറ്റ് പുതുക്കിയാണ് ഇപ്പോൾ സർക്കാറിന് സമർപ്പിച്ചത്.
ബെർത്തിങ് ജെട്ടി (തോണികളും ബോട്ടുകളും നങ്കൂരമിടാനുള്ള സ്ഥലം), മത്സ്യം കയറ്റുന്നതിനുള്ള പ്ലാറ്റ്ഫോം, ലേലപ്പുരയോട് ചേർന്ന് ലോക്കർ റൂം, പാർക്കിങ് ഏരിയ, സെക്യൂരിറ്റി റൂം, കിണർ, കുടിവെള്ളം വിതരണത്തിനുള്ള ശൃംഖല ഒരുക്കൽ എന്നിവ പുതുക്കിയ എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹാർബർ എൻജിനീയറിങ് വിഭാഗം ചോമ്പാല ഡിവിഷൻ അസി. എൻജിനീയർ കെ.വി. അനിൽ, ഓവർസിയർ കെ.സി. രാകേഷ്, വാർഡ് കൗൺസിലർ പി.വി. ഹാഷിം, സി.എച്ച്. മുഹമ്മദലി, പി.വി.സി. അഷ്റഫ്, എ.സി. നൗഫൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.