കടകൾക്കായി വ്യാപാരികളുടെ നെട്ടോട്ടം; നോക്കുകുത്തിയായി ബി.ഒ.ടി കെട്ടിടം
text_fieldsവടകര: ദേശീയപാത വികസനത്തിെൻറ ഭാഗമായി വ്യാപാരികൾ കുടിയൊഴിയുമ്പോഴും നോക്കുകുത്തിയായി ബി.ഒ.ടി കെട്ടിടം. വർഷങ്ങളായി ഉപജീവനമാർഗമായി കൊണ്ടുനടന്ന കച്ചവട സ്ഥാപനങ്ങൾ വിട്ടൊഴിഞ്ഞ് നഗരത്തിൽ മറ്റിടങ്ങളിലേക്ക് ചേക്കേറാൻ വ്യാപാരികൾ ഒരുങ്ങുമ്പോഴാണ് നഗര ഹൃദയത്തിൽ ബി.ഒ.ടി കെട്ടിടം നോക്കുകുത്തിയാവുന്നത്. നഗരത്തിൽ ദേശീയപാത വികസനത്തിെൻറ ഭാഗമായി കെട്ടിട വാടകയും അഡ്വാൻസും കുത്തനെ വർധിപ്പിച്ചതോടെ ബി.ഒ.ടി കെട്ടിടം വീണ്ടും ചർച്ചയാവുകയാണ്.
2003ൽ ടെണ്ടർ ചെയ്ത് 2006 ഏപ്രിൽ മാസത്തിലാണ് വടകര നഗരസഭ ഹോളീഡേ കമ്പനിയുമായി കെട്ടിടം പണിയാൻ നിർമാണക്കരാറിൽ ഏർപ്പെടുന്നത്. പതിനെട്ടു മാസം കൊണ്ട് പണി പൂർത്തീകരിച്ച് 25 വർഷം പ്രവർത്തിപ്പിച്ച് കെട്ടിടവും ഭൂമിയും സർക്കാറിനെ തിരിച്ചേല്പിക്കണം എന്നായിരുന്നു വ്യവസ്ഥ.എന്നാൽ, തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്ഘാടനം നടത്തിയതല്ലാതെ നൂറിൽപരം മുറികളിൽ ഒന്നുപോലും വാടകക്ക് നൽകാൻ കഴിഞ്ഞില്ല.
2010-2015 കാലയളവിലുണ്ടായ വിജിലൻസ് കേസിൽ കെട്ടിടം പണി ഇഴഞ്ഞെങ്കിലും 1029.19 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ബി.ഒ.ടി കമ്പനിയായ ഹോളിഡേ സിറ്റി സെന്റർ അനധികൃത നിർമാണം നടത്തിയത്. കരാർവ്യവസ്ഥ പ്രകാരം വർഷം തോറും നൽകി വരുന്ന 14 ലക്ഷം രൂപയുടെ അനുപാതികമായി ചതുരശ്ര മീറ്ററിന് 61.32 രൂപ കണക്കാക്കി നഗരസഭ വർദ്ധനവ് വരുത്തിയിരുന്നു.
20 വർഷം മുമ്പാണ് കെട്ടിട നിർമാണത്തിനായി കരാർവെച്ചതെന്നും അന്ന് മുതലുള്ള അധിക തുക ഈടാക്കാത്തത് കമ്പനിയെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
വ്യാപാരികൾ തെരുവിലിറങ്ങുമ്പോൾ ബി.ഒ.ടി കെട്ടിടം ലഭ്യമായാൽ ചിലർക്കെങ്കിലും ആശ്വാസമേകാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.