സുരക്ഷയില്ലാതെ കെട്ടിട നിർമാണം അപകടം ക്ഷണിച്ചുവരുത്തുന്നു
text_fieldsവടകര: മാനദണ്ഡങ്ങളും സുരക്ഷയും ചട്ടങ്ങളും കാറ്റിൽപറത്തി കെട്ടിടങ്ങൾ നിർമിക്കുന്നത് വർധിക്കുന്നു. ആഡംബര നിർമാണത്തിന്റെ ഭാഗമായാണ് കൂടുതലായും സുരക്ഷ ഉറപ്പുവരുത്താതെ കെട്ടിട നിർമാണങ്ങൾ നടക്കുന്നത്. വീടുകളുടെയും മറ്റും ഭംഗി കൂട്ടുന്നതിന് കെട്ടിട ഭാഗങ്ങൾ അധികവും നിർമിക്കുന്നത് സുരക്ഷിതത്വമില്ലാതെയാണ്. ഇത്തരം നിർമാണങ്ങൾ അപകടത്തിലേക്ക് നയിക്കുമ്പോഴാണ് ചർച്ചകൾ കൊഴുക്കുകയും കണ്ണുതുറപ്പിക്കുകയും ചെയ്യുന്നത്. വളയത്ത് കഴിഞ്ഞദിവസം രണ്ടു യുവാക്കളാണ് വീട് നിർമാണപ്രവൃത്തിക്കിടെ സ്ലാബ് തകർന്നുവീണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി. വീടിന്റെ രണ്ടാംനിലയിലെ സൺഷെയ്ഡിന്റെ ഭാഗം തൊഴിലാളികൾക്കുമേൽ വീണാണ് ദാരുണ സംഭവമുണ്ടായത്.
ഒരുവിധ സുരക്ഷിതത്വവുമില്ലാതെ കെട്ടിപ്പൊക്കിയ സൺഷെയ്ഡ് മറ്റു നിർമാണ പ്രവൃത്തിക്കിടെ തകർന്നുവീഴുകയായിരുന്നു. ആവശ്യത്തിലുമധികം വീതിയിൽ നിർമിച്ച സൺഷെയ്ഡാണ് അപകടം ക്ഷണിച്ചുവരുത്തിയതെന്നാണ് ഈ രംഗത്തെ വിദഗ്ധാഭിപ്രായം. പലയിടങ്ങളിലും വീടുകൾക്കും കെട്ടിടങ്ങൾക്കും ഇത്തരത്തിലുള്ള നിർമാണരീതി കണ്ടുവരുന്നുണ്ട്. കെട്ടിടം നിർമിച്ചവരായിരിക്കില്ല പലപ്പോഴും മറ്റു പ്രവൃത്തികളിൽ ഏർപ്പെടുന്നത്. അതുകൊണ്ടുതന്നെ നേരത്തേയുള്ള നിർമാണത്തെക്കുറിച്ച് അറിവില്ലാത്തതിനാൽ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. നിർമാണവൈദഗ്ധ്യമില്ലാതെ സ്വയം എൻജിനീയർമാരായി പ്രവൃത്തി നടത്തുന്നതും വർധിച്ചുവരുന്നുണ്ട്. വളയത്ത് നടന്ന അപകടത്തിനുപിന്നാലെ പലസ്ഥലത്തും കെട്ടിട നിർമാണത്തിനിടെ തകർന്ന വീടുകളുടെ ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പലരും പങ്കുവെക്കുന്നുണ്ട്. അപകടങ്ങളിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടതിനാൽ പുറംലോകം അറിയാതെപോയ സംഭവങ്ങളുമുണ്ട്. കെട്ടിട നിർമാണത്തിന് അംഗീകാരം നൽകുമ്പോൾ സുരക്ഷിതത്വം സംബന്ധിച്ച പരിശോധനകൾ പലപ്പോഴും വഴിപാടാവുകയാണ്.
കെട്ടിടനിർമാണം കഴിഞ്ഞുള്ള പരിശോധനകളിൽ സുരക്ഷ വെളിപ്പെടാറില്ല. വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നിർമിക്കുമ്പോൾ ആഡംബരത്തിനു പുറമെ സുരക്ഷ ഉറപ്പുവരുത്താനും ജാഗ്രത ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.