ബസുകളുടെ യാത്ര ദേശീയപാതയിലൂടെ; യാത്രക്കാർ പെരുവഴിയിൽ
text_fieldsവടകര: പഴയ സ്റ്റാൻഡ് വഴി സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ഓട്ടം ദേശീയപാത വഴി. യാത്രക്കാർ ദുരിതത്തിൽ. നാദാപുരം, തലശ്ശേരി ഭാഗങ്ങളിൽനിന്ന് വരുന്ന സ്വകാര്യ ബസുകളാണ് പഴയ ദേശീയപാതയെ ഒഴിവാക്കി പുതിയ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്.
റെയിൽവേ സ്റ്റേഷൻ, കോടതി, ആർ.ടി.ഒ ഓഫിസ്, സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ എത്തിച്ചേരേണ്ട യാത്രക്കാരാണ് പെരുവഴിയിലാവുന്നത്. ട്രെയിനിൽ യാത്ര ചെയ്യേണ്ടവർക്ക് പലപ്പോഴും ട്രെയിൻ ലഭിക്കാത്ത അവസ്ഥയാണ്.
സ്വകാര്യ ബസിൽ പുതിയ സ്റ്റാൻഡിൽ വന്നിറങ്ങിയാൽ പഴയ സ്റ്റാൻഡിലെത്താൻ ഓട്ടോയിൽ കയറണം. ബസ് ചാർജിന് പുറമെ 30 രൂപ ഓട്ടോക്ക് നൽകിവേണം യാത്രക്കാർക്ക് പഴയ സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും എത്താൻ.
ജൂബിലി റോഡിൽ ഓവ് പാലം നിർമാണം നടക്കുന്നുണ്ട്. ഇവിടെ ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസുകൾ തോന്നിയപോലെ സർവിസ് നടത്തുന്നത്. ജൂബിലി റോഡിൽ രണ്ട് പൊലീസുകാരുടെ സ്ഥിര സാന്നിധ്യമുള്ളതിനാൽ ഗതാഗതം തടസ്സമില്ലാതെയാണ് നീങ്ങുന്നത്.
ചില സമയങ്ങളിലുണ്ടാവുന്ന ചെറിയ ഗതാഗതക്കുരുക്ക് പെട്ടെന്നുതന്നെ പരിഹരിക്കുന്നുമുണ്ട്. അഞ്ച് വിളക്കിന് സമീപത്തും ഹോം ഗാർഡിന്റെ സേവനം ലഭിക്കുന്നുണ്ട്. ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് മലയോര മേഖലയിൽനിന്ന് വരുന്ന യാത്രക്കാരെ ദേശീയപാത വഴി സഞ്ചരിച്ച് പുതിയ സ്റ്റാൻഡിൽ ഇറക്കിവിടുന്നത്.
കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ എത്തേണ്ട സ്ത്രീകൾ പഴയ സ്റ്റാൻഡ് ഒഴിവാക്കിയുള്ള ബസിന്റെ ഓട്ടം ചോദ്യം ചെയ്തത് പ്രശ്നങ്ങൾക്കിടയാക്കുകയും ബസ് ദേശീയപാതയിൽനിന്ന് ടൗൺ ഹാൾ വഴി പഴയ സ്റ്റാൻഡ് റോഡിലേക്ക് കയറ്റി അഞ്ച് വിളക്ക് റോഡിൽ യാത്രക്കാരെ ഇറക്കി തലയൂരുകയുണ്ടായി.
പൊലീസ് നിർദേശമാണെന്നാണ് ബസ് ജീവനക്കാർ യാത്രക്കാരോട് പറഞ്ഞത്. എന്നാൽ, പൊലീസിൽ വിളിച്ചതോടെ ഇങ്ങനെ നിർദേശമില്ലെന്ന് പറയുകയുണ്ടായി.
യാത്രക്കാരെ പുതിയ സ്റ്റാൻഡിലിറക്കുന്നത് ബസ് തൊഴിലാളികളും യാത്രക്കാരും തമ്മിൽ വാക്കേറ്റത്തിലും കൈയാങ്കളിക്കും ഇടയാക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.