ബസുകൾ പെരുവാട്ടുംതാഴ വഴി സർവിസ് നടത്തണം- താലൂക്ക് വികസന സമിതി
text_fieldsവടകര: പുഞ്ചിരിമിൽ, വീരഞ്ചേരി, ജെ.ടി റോഡ് വഴി സർവിസ് നടത്തിക്കൊണ്ടിരിക്കുന്ന ബസുകൾ ഇതേ വഴിയിലൂടെ തന്നെ പഴയ സ്റ്റാൻഡിലേക്ക് സർവിസ് നടത്താൻ അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പുഞ്ചിരിമിൽ, പെരുവാട്ടുംതാഴ, വീരഞ്ചേരി ഒഴിവാക്കി ബൈപാസ് വഴിയാണ് പഴയ സ്റ്റാൻഡിൽ വരുന്നത്.
ഇതുമൂലം വ്യാപാര സ്ഥാപനങ്ങൾ, ആശുപത്രികളിലടക്കം പോകേണ്ട യാത്രക്കാർ നേരിടുന്ന ദുരിതം സമിതി അംഗങ്ങളായ പ്രദീപ് ചോമ്പാല, പി.പി. രാജൻ എന്നിവരാണ് ഉന്നയിച്ചത്.
ദേശീയപാതയിൽ കരാർ കമ്പനിക്കാരുടെ പിടിവാശിയാണ് ബസുകൾ നേരത്തേ പോയ റൂട്ടിൽ പോകാത്ത സാഹചര്യമെന്ന് പരാതി ഉയർന്നു. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് തഹസിൽദാർ കല ഭാസ്കരൻ അറിയിച്ചു. നാരായണ നഗരം, അടക്കാത്തെരു എന്നിവിടങ്ങളിൽ ട്രാഫിക് സിഗ്നൽ പ്രവർത്തിപ്പിക്കുന്നതുവരെ ട്രാഫിക് പൊലീസിനെ ഡ്യൂട്ടിയിൽ നിയമിക്കണമെന്ന് സമിതി അംഗം ബാബു ഒഞ്ചിയം ആവശ്യപ്പെട്ടു.
ട്രാഫിക് സ്റ്റേഷനിൽ ആവശ്യത്തിന് പൊലീസ് ഇല്ലാത്തത് ഡ്യൂട്ടിക്ക് ആളെ നിയമിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി ട്രാഫിക് അധികൃതർ പറഞ്ഞു. വടകര നാരായണ നഗരം ഗ്രൗണ്ടിൽ എക്സിബിഷൻ കഴിഞ്ഞിട്ടും പന്തലും മറ്റും പൊളിച്ചുനീക്കാത്തതിൽ പ്രതിഷേധം ഉയർന്നു. ഇതുമൂലം കായിക മത്സരങ്ങൾ, പരിശീലനങ്ങൾ എന്നിവ നടക്കുന്നില്ലെന്ന് സമിതി അംഗം പുറന്തോടത്ത് സുകുമാരൻ പറഞ്ഞു.
വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ മയക്കുമരുന്ന് മാഫിയയെ പിടികൂടണമെന്ന് സമിതി അംഗം സി.കെ. കരീം പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം സി.വി.എം. നജ്മ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, പി.പി. രാജൻ, ബാബു ഒഞ്ചിയം, പുറന്തോടത്ത് സുകുമാരൻ, സി.കെ. കരീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.