അഴിയൂർ ബ്രാഞ്ച് കനാൽ തുറന്ന് മണിക്കൂറുകൾക്കകം ചോർച്ച; കനാൽ അടച്ചു
text_fieldsവടകര: കാത്തിരിപ്പിനൊടുവിൽ അഴിയൂർ ബ്രാഞ്ച് കനാൽ തുറന്നപ്പോൾ മണിക്കൂറുകൾക്കകം ചോർച്ച. കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ ഭാഗമായ അഴിയൂർ ബ്രാഞ്ച് കനാൽ വ്യാഴാഴ്ച രാവിലെയാണ് തുറന്നുവിട്ടത്. വൈകീട്ടോടെ കുരിക്കിലാട് ഭാഗത്തുണ്ടായ വൻ ചോർച്ചയെ തുടർന്ന് അടച്ചു.
മൂന്നര മണിയോടെ വൻ ശബ്ദത്തോടെയായിരുന്നു വെള്ളമൊഴുക്ക്. ഉയരത്തിലൂടെ കടന്നുപോകുന്ന കനാലിന്റെ ഉൾഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്തതായിരുന്നു. മാച്ചാരി മേനോന്റെ വീടിന് പിൻഭാഗത്താണ് ചോർച്ചയുണ്ടായത്. വെള്ളം കുത്തിയൊഴുകിയതോടെ വീട്ടുപറമ്പിലെ കിണർ പൂർണമായും നികന്നു.
സമീപത്തെ പറമ്പിലും ഇടവഴിയിലും ശക്തമായി വെള്ളമൊഴുകുകയായിരുന്നു. കനാലിൽ ചോർച്ച രാത്രിയായിരുന്നുവെങ്കിൽ വൻ അപകടത്തിന് വഴിവെക്കുമായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടയുടനെ അധികൃതർ കനാൽ അടച്ചു. മേഖലയിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്നതിനാൽ ഗ്രാമപഞ്ചായത്തിന്റെ കടുത്ത സമ്മർദത്തെ തുടർന്നാണ് കനാൽ തുറന്നത്. കനാൽ തുറന്ന് ജലമൊഴുകിയത് ആശ്വാസമായിരുന്നു.
അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഇ. അരവിന്ദാക്ഷൻ, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്യാമള പൂവേരി, അംഗങ്ങളായ പി. ലിസി, പ്രസാദ് വിലങ്ങിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എം. വാസു എന്നിവർ സ്ഥലം സന്ദർശിച്ചു. കനാൽ അറ്റകുറ്റപ്പണി നടത്തി വെള്ളം തുറന്നുവിടുമെന്ന് അധികൃതർ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.