സി.പി.എം നേതാക്കളെ ആക്രമിച്ച കേസ്; 14 ആർ.എം.പി.ഐക്കാരെ കോടതി വെറുതെ വിട്ടു
text_fieldsവടകര: ടി.പി. ചന്ദ്രശേഖരൻ വധത്തെ തുടർന്ന് സി.പി.എം നേതാക്കൾക്ക് നേരെയുണ്ടായ അക്രമസംഭവത്തിൽ പ്രതികളായ 14 ആർ.എം.പി.ഐ പ്രവർത്തകരെ വടകര അസി. സെഷൻസ് കോടതി ജഡ്ജ് ദീപുരാജ് വെറുതെവിട്ടു. ചോറോട് ലോക്കൽ സെക്രട്ടറി ടി.എം. രാജൻ, കമ്മിറ്റി അംഗങ്ങളായ കെ.കെ. കുമാരൻ, മനോജൻ, മുകുന്ദൻ എന്നിവരെ ആക്രമിച്ച് പരിക്കേൽപിച്ചെന്ന കേസിലാണ് പ്രതികളെ വെറുതെ വിട്ടത്.
കെ.കെ. സദാശിവൻ, കെ.പി. നാണു, പി.പി. പ്രജീഷ്, പി.കെ. നിഷാദ്, കെ.എം. ലികേഷ്, കെ.പി. റിജേഷ്, കെ.എം. ബിനു, കെ.എം. ശ്രീജേഷ്, സി.പി. കുമാരൻ, ടി. മഹേഷ്, ഇ.കെ. രജീഷ്, വിജീഷ് (മുത്തു), സി.എം. രജി, വിചാരണക്കിടയിൽ മരണമടഞ്ഞ കുളങ്ങരത്ത് മീത്തൽ കൃഷ്ണൻ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. 2012 ജൂലൈ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ആദ്യം അഞ്ചുപേരെ പ്രതി ചേർത്താണ് വടകര പൊലീസ് കേസെടുത്തത്. 2016ൽ ഇടതു മുന്നണി അധികാരത്തിൽ വന്നതോടെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് കേസ് പുനരന്വേഷണം നടത്താൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയതിനെ തുടർന്ന് ആർ.എം.പി.ഐ നേതാവ് കെ.കെ. സദാശിവൻ ഉൾപ്പെടെ ഒമ്പത് പേരെ കൂടി പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കുകയുണ്ടായി.
പത്തു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വെള്ളിയാഴ്ച കേസ് വിധി പറഞ്ഞത്. പ്രതികൾക്കു വേണ്ടി അഡ്വ. ഹരീഷ് കാരയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.