ചെരണ്ടത്തൂർ സ്ഫോടനം; പൊട്ടിത്തെറി ബോംബ് നിർമാണത്തിനിടെയെന്ന് നിഗമനം
text_fieldsവടകര: ചെരണ്ടത്തൂരിൽ സ്ഫോടനമുണ്ടായത് ബോംബ് നിർമാണത്തിനിടെയാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം. ആർ.എസ്.എസ് പ്രവർത്തകൻ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന് വീടിന്റെ ടെറസിൽ നടന്ന സ്ഫോടനത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.
ഇയാളുടെ രണ്ടു കൈപ്പത്തികളും ചിതറിത്തെറിച്ചു. നിർമാണം പാതിവഴിയിലായ വീടിന്റെ ടെറസിലാണ് സ്ഫോടനം നടന്നത്. സംഭവം നടക്കുമ്പോൾ ഇയാളുടെ മാതാവ് മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഉഗ്രസ്ഫോടനവും കരച്ചിലും കേട്ടാണ് അയൽവീട്ടുകാർ ഓടിയെത്തിയത്.
രക്തത്തിൽ കുളിച്ചുകിടക്കുന്ന ഹരിപ്രസാദിനെ വാഹനം എത്താൻ വൈകിയതിനാൽ 20 മിനിറ്റ് കഴിഞ്ഞാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് നാട്ടുകാർ പറഞ്ഞു. ഇലക്ട്രീഷ്യനായ ഹരി പ്രസാദ് വ്യാഴാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് വീട്ടിലെത്തി ഏതാനും സമയത്തിനുശേഷമാണ് സ്ഫോടനമുണ്ടായത്.
ടെറസിൽനിന്നും മുറ്റത്തേക്ക് മരത്തടിയുടെ ഭാഗം വീണ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രക്തക്കറയുണ്ട്. ടെറസിൽ അട്ടിയിട്ട ചെങ്കല്ല് മറയാക്കി ബോംബ് നിർമിച്ചതാണെന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. മേഖലയിൽ ഒരുവിധ സംഘർഷവും നിലനിൽക്കുന്നില്ല. വീടിന്റെ മുറ്റത്തോടുചേർന്ന് തീകത്തിച്ച നിലയിൽ കണ്ടെത്തിയതിനാൽ ഈഭാഗം പൊലീസ് കയർ കെട്ടി വേർതിരിച്ചിരുന്നു.
ഇവിടെ പൊലീസ് കുഴിച്ച് പരിശോധന നടത്തി. ടൈസൻ എന്ന പൊലീസ് നായുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. രക്തം പുരണ്ട തോർത്തും കണ്ടെത്തി. പരിശോധനയിൽ ബോംബ് സ്ക്വാഡ് എസ്.ഐ മോഹനൻ, പി. വിനോദ്, കെ. സുരേന്ദ്രൻ, കെ.എം. ദീപക്, എം.സി. ഷിബിൻ, ഡോഗ് സ്ക്വാഡിലെ കെ.പി. സുബീഷ്, ടി.ടി. ഷിനോസ് കുമാർ, ഫോറൻസിക് വിദഗ്ധൻ കെ. ഫെബിൽ എന്നിവർ പങ്കെടുത്തു.
ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു
വടകര: ചെരണ്ടത്തൂരിൽ വീടിന്റ ടെറസിലുണ്ടായ സ്ഫോടനത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പൊലീസ് ബോംബ് നിർമാണ അവശിഷ്ടങ്ങൾ കണ്ടെടുത്തു. ബോംബ് നിർമിച്ചതാണെന്ന സൂചന നൽകിയാണ് ടെറസിൽനിന്ന് ചാക്കുനൂൽ, വെടിമരുന്ന് ശേഖരിച്ച പടക്കം, മെറ്റൽ കല്ല് എന്നിവ കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. വീടിന്റ ടെറസിൽ നാലു കൈവിരലുകൾ ചിതറിയ നിലയിൽ കണ്ടെത്തി. ഫോറൻസിക് സംഘം ഇവ പരിശോധനക്കെടുത്തു. വീടിന്റ പല ഭാഗങ്ങളിലും രക്തക്കറയുണ്ട്. തൊട്ടടുത്തുള്ള പ്ലാവിന്റ തടിയിൽ മാംസാവശിഷ്ടങ്ങൾ തെറിച്ചിട്ടുണ്ട്. വീടിനോട് ചേർന്ന് ഉപേക്ഷിച്ചനിലയിൽ രക്തക്കറ പുരണ്ട ലുങ്കി പൊലീസ് കണ്ടെടുത്തു.
സ്ഫോടനത്തിന് ശേഷം വീടിന്റെ മുകൾഭാഗം വൃത്തിയാക്കിയ നിലയിലാണ്. ഇവിടെ നിന്ന് ബോംബ് നിർമാണത്തിന് ഉപയോഗിച്ച കൂടുതൽ സാധനങ്ങൾ മാറ്റിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് സ്ഥലം സംന്ദർശിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പരിക്കേറ്റ യുവാവിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അശ്രദ്ധമായി സ്ഫോടകവസ്തു കൈകാര്യം ചെയ്തതിനാണ് പൊലീസ് കേസെടുത്തത്.
അന്വേഷണത്തിൽ തെളിവുകൾ ലഭിക്കുന്ന മുറക്ക് കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വടകര ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷരീഫ്, എസ്.ഐ എം. നിജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സ്ഫോടനശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്നും എം.എം.സി മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.