ആരവങ്ങളില്ല; പ്രതാപം മങ്ങി ചോമ്പാല മത്സ്യബന്ധന തുറമുഖം
text_fieldsവടകര: പഴയ ആരവങ്ങളില്ല, മീൻവില്പനക്ക് ആവേശവുമില്ല. ചോമ്പാല മത്സ്യബന്ധന തുറമുഖത്തിന്റെ പ്രതാപം മങ്ങുന്നു. ട്രോളിങ്ങിന് ശേഷം മത്സ്യബന്ധനം പുനരാരംഭിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ വറുതിയുടെ പിടിയിലാണ്. പഴയ രീതിയിൽ ചാകരയില്ലാത്തതും മത്സ്യത്തൊഴിലാളികളെ നിരാശരാക്കി. നേരത്തെ ട്രോളിങ് കഴിഞ്ഞാൽ കടലോരത്ത് ഉത്സവപ്രതീതിയായിരുന്നു.
മൊത്ത കച്ചവടക്കാരും ചില്ലറമത്സ്യം വാങ്ങാനെത്തുന്നവരെയും കൊണ്ട് ഹാർബറിൽ വൻ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. മത്സ്യലഭ്യത കുറഞ്ഞതോടെ അവധി ദിനങ്ങളിൽപോലും ആളുകൾ കുറവാണ്.
മത്സ്യ ലഭ്യത കുറഞ്ഞതിനാൽ വിലയിലും വർധനവുണ്ട്. നേരത്തെ 50 രൂപക്ക് കുറച്ച് മത്സ്യം വാങ്ങിക്കാമായിരുന്നു. ഇപ്പോൾ 100 രൂപയിൽ കുറഞ്ഞ് മത്സ്യം ലഭിക്കാത്ത സ്ഥിതിയാണ്. മലബാറിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ ചോമ്പാല തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ സർക്കാറിന്റെ ഭാഗത്ത് നിന്നും നടപടികളുമുണ്ടാവുന്നില്ല. പുലിമുട്ടിന് ആഴം കൂട്ടണമെന്ന ആവശ്യം കടലാസിൽ ഒതുങ്ങുകയാണ്.
ആഴം കൂട്ടൽ ഗുണകരമല്ലാത്ത രീതിയിൽ നടത്തിയതിനാൽ ചളിനിറഞ്ഞ് മത്സ്യബന്ധന യാനങ്ങൾ കരക്കടുപ്പിക്കാൻ പറ്റാത്ത അവസ്ഥയാണ്. വേലിയേറ്റ സമയങ്ങളിൽ വള്ളങ്ങൾക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.
തുറമുഖത്തെ മലിനജലമൊഴുക്കിന് ഫലപ്രദമായ സംവിധാനം ഇല്ലാത്തതിനാൽ ഹാർബർ വൃത്തിഹീനമാണ്. ലേലപ്പുരയിൽ ആവശ്യമായ സൗകര്യമില്ലാത്തതിനാൽ തീരത്ത് നിന്ന് തന്നെയാണ് ലേലം നടക്കുന്നത്. ദിനംപ്രതി ലക്ഷങ്ങളുടെ മത്സ്യ ഇറക്കുമതിയും കയറ്റുമതിയും നടന്നിരുന്ന തുറമുഖമാണ് അവഗണിക്കപ്പെട്ടുകിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.