കടൽക്ഷോഭം; തീരദേശവാസികൾ ആശങ്കയിൽ
text_fieldsവടകര: അഴിത്തല മുതൽ കുരിയാടി വരെയുള്ള തീരദേശ വാർഡുകളിൽ ആശങ്കയും ഭീതിയും. കാലവർഷം ശക്തമായതോടെ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കാൻ തുടങ്ങിയിട്ടുണ്ട്. കടൽഭിത്തി തകർന്ന സാൻഡ് ബാങ്ക്സ് മുതൽ കുരിയാടി വരെയുള്ള ഭാഗങ്ങളിൽ നൂറിലേറെ കുടുംബങ്ങളാണ് കടൽക്ഷോഭ ഭീഷണിയിൽ കഴിയുന്നത്. കഴിഞ്ഞ വർഷത്തെ കടൽക്ഷോഭത്തിൽ പൂർണമായും ഭാഗികമായും തകർന്ന വീടുകൾ വേണ്ട രീതിയിൽ പുനർനിർമിക്കാൻ കഴിഞ്ഞിട്ടില്ല.
തകർന്ന കടൽഭിത്തികൾ പലയിടങ്ങളിലും പുനർനിർമിക്കാൻ കഴിഞ്ഞിട്ടില്ല. തീരദേശത്ത് അഴിത്തല മുതൽ പൂഴിത്തല വരെയുള്ള പ്രദേശത്ത് കടൽഭിത്തി ശക്തമാക്കാൻ വർഷങ്ങളായി ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കുന്ന ജോലികൾ പതിവുപോലെ ഇത്തവണയും നടത്തിയിട്ടുണ്ട്. 64.50 കോടി രൂപയുടെ പദ്ധതിയിൽ വടകര നഗരസഭയിൽ ആകെ അനുവദിച്ചത് 1.12 ലക്ഷം രൂപയാണ്.
ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തീരദേശ വാർഡുകളിലെ ജനപ്രതിനിധികൾ പ്രതിഷേധം അറിയിച്ചിട്ടും നാളിതുവരെയായി യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല. കുരിയാടിയിലും മുകച്ചേരിയിലും പാണ്ടികശാല വളപ്പിലും തകർന്ന തീരദേശ റോഡുകൾ ഇതുവരെയും നന്നാക്കിയിട്ടില്ല. തീരദേശവാസികളുടെ പ്രതിഷേധങ്ങൾ നിരവധിയായി അധികാരികളിലെത്തിയിട്ടും കടൽഭിത്തി ശക്തിപ്പെടുത്തൽ ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
തീരദേശവാസികളോടുള്ള സർക്കാറിന്റെ ചിറ്റപ്പൻ നയം അവസാനിപ്പിക്കണമെന്നും ശാസ്ത്രീയമായ രീതിയിൽ 250 മീറ്റർ ഇടവേളകളിൽ കടലിലേക്ക് പുലിമുട്ട് നിർമിക്കുകവഴി മറ്റു സംസ്ഥാനങ്ങളെ അവലംബിച്ച് കടൽക്ഷോഭം തടയണമെന്നും വകുപ്പ് തലത്തിൽ തുക അനുവദിക്കാൻ മുന്തിയ പരിഗണന നൽകണമെന്നും നഗരസഭ കൗൺസിലർ പി.വി. ഹാഷിം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.