വോട്ടർപട്ടിക പുതുക്കാൻ വിവരശേഖരണം; അനുവദിച്ചത് ചുരുങ്ങിയ സമയം ബി.എൽ.ഒമാർ ആശങ്കയിൽ
text_fieldsവടകര: വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി വ്യക്തിവിവരങ്ങൾ ശേഖരിക്കാനുള്ള നിർദേശം ബി.എൽ.ഒമാരെ കുഴക്കുന്നു. വിവരശേഖരണത്തിന് ചുരുങ്ങിയ സമയം മാത്രം അനുവദിച്ചതാണ് ബി.എൽ.ഒമാരെ ആശങ്കയിലാക്കുന്നത്.
ബൂത്തിൽ ഉൾപ്പെട്ട മുഴുവൻ വീടുകളും സന്ദർശിച്ച് വീട്ടിലെ ഓരോ അംഗത്തിന്റെയും വിവരങ്ങൾ വോട്ടർ പട്ടികയിലെ വിവരങ്ങളുമായി ഒത്തുനോക്കാനാണ് ബി.എൽ.ഒമാർക്ക് നിർദേശം ലഭിച്ചത്. ഇലക്ഷൻ കമീഷൻ പുറത്തിറക്കിയ മൊബൈൽ ആപ് ഉപയോഗിച്ചാണ് പൂർത്തീകരിക്കേണ്ടത്. ആഗസ്റ്റ് 20 വരെയാണ് വിവരശേഖരണം നടത്താൻ ബി.എൽ.ഒമാർക്ക് സമയം അനുവദിച്ചത്.
മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി സെൻസസ് മാതൃകയിലുള്ള വിവരങ്ങൾ ശേഖരിക്കണം. കുടുംബത്തിലെ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ രേഖപ്പെടുത്തണം. കൂടാതെ 17 വയസ്സ് തികഞ്ഞവരെ ഭാവി വോട്ടർമാരായി ചേർക്കുകയും വേണം.
നിലവിൽ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്നവരും അധ്യാപകരും മറ്റുമാണ് ബി.എൽ.ഒമാരായി നിയമിക്കപ്പെട്ടിട്ടുള്ളത്. ജോലിസമയം കഴിഞ്ഞ് വീട്ടിലെത്തിയശേഷം വീടുകൾ കയറി വിവരശേഖരണം നടത്തുക അപ്രായോഗികമാണ് എന്നാണ് ബി.എൽ.ഒമാരുടെ പ്രധാന പരാതി. ഓരോ ബൂത്തിലും ശരാശരി 400 വീടുകളെങ്കിലുമുണ്ടാകും. ഒരു വീട് സന്ദർശിച്ച് മുഴുവൻ വിവരങ്ങളും ശേഖരിക്കണമെങ്കിൽ ഒരു മണിക്കൂറെങ്കിലും സമയമെടുക്കും. ചുരുങ്ങിയത് ഒരു മാസമെങ്കിലും ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് ആവശ്യമായ ഡ്യൂട്ടി ലീവ് അനുവദിച്ചിട്ടില്ല.
ആധാർ ലിങ്ക് ചെയ്യൽ നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിലും പാർലമെൻറിലും വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടി വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാൻ ഭൂരിഭാഗം വോട്ടർമാരും വിമുഖത കാണിക്കുകയാണ്.
എന്നാൽ, ശക്തമായ സമ്മർദമാണ് മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ബി.എൽ.ഒമാർക്ക് ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. ബി.എൽ.ഒമാരുടെ വേതനം പരിഷ്കരിക്കാനും നടപടികളുണ്ടായിട്ടില്ല. ബി.എൽ.ഒമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപെടുത്താനാണ് അസോസിയേഷൻ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.