തണ്ണീർത്തടങ്ങൾ അനധികൃതമായി നികത്തുന്നതായി പരാതി
text_fieldsവടകര: പാലയാട് തെങ്ങിൻതടത്തിൽ മണ്ണിടാനെന്ന വ്യാജേന തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നതായി പരാതി. നടപടി സ്വീകരിക്കാതെ അധികൃതർ. മണിയൂർ പഞ്ചായത്ത് പാലയാട് വില്ലേജിലെ 16ാം വാർഡിലാണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ വ്യാപകമായി നികത്തുന്നത്. ചെല്ലട്ടുപൊയിൽ ആഞ്ഞാട്ടുതാഴെ കുനിയിൽ വർഷങ്ങളായി സ്വാഭാവിക ഒഴുക്ക് നിലനിൽക്കുന്ന ഡേറ്റ ബാങ്കിൽ ഉൾപ്പെട്ട വീതിയേറിയ തണ്ണീർത്തടങ്ങളാണ് നികത്തുന്നത്. പാലയാട് വില്ലേജ് ഓഫിസർ നിരവധി തവണ നോട്ടീസ് മുഖേന അനധികൃത കൈയേറ്റം നിർത്താനും നികത്തിയത് ഒഴിപ്പിക്കാനും നിർദേശം നൽകിയിരുന്നു. ഇതൊന്നും മുഖവിലക്കെടുക്കാതെ അന്തർ സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് തോടുകൾ നികത്തുന്നുവെന്നാണ് ആക്ഷേപം. അധികൃതരുടെ മൗനാനുവാദം ഇതിനു പിന്നിലുള്ളതായും പറയുന്നു.
കൈയേറ്റം അനുവദിക്കില്ലെന്നും നികത്തിയ തോടുകൾ എത്രയും പെട്ടെന്ന് പൂർവസ്ഥിതിയിലാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വില്ലേജിൽനിന്ന് വടകര തഹസിൽദാർക്കും ആർ.ഡി.ഒയിലും എത്തിയ പരാതി കലക്ടർക്ക് സമർപ്പിച്ചതായാണ് വിവരം. നികത്തിവരുന്ന ഭാഗത്തോടു ചേർന്ന് കൂടുതൽ തോടുകളും നെൽവയലുകളും മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന ഇടമാണ്. നിലവിൽ അഴുകിയ മടൽ രൂക്ഷഗന്ധത്തിനും ഇടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.