സുനാമി ഫ്ലാറ്റിൽ താമസിക്കാനെത്തിയവരെ കൈയേറ്റം ചെയ്തതായി പരാതി
text_fieldsവടകര: കണ്ണൂക്കര സുനാമി ഫ്ലാറ്റിൽ താമസിപ്പിക്കാൻ എത്തിച്ച കുടുംബത്തെ കൈയേറ്റം ചെയ്തതായി പരാതി. നാദാപുരം റോഡിലെ കടവരാന്തകളിൽ 45 വർഷമായി താമസിക്കുന്ന ഗോവിന്ദൻ, ഭാര്യ ഭിന്നശേഷിക്കാരിയായ ലക്ഷ്മി എന്നിവരുടെ കുടുംബത്തെ കൈയേറ്റം ചെയ്തതായി പരാതി.
ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്, വടകര ബ്ലോക്ക് പഞ്ചായത്ത് മെംബർ ശശികല ദിനേശൻ, ഒഞ്ചിയം പഞ്ചായത്ത് മെംബർ ബിന്ദു വള്ളിൽ, ശൈലജ കൊയിലോത്ത്, പി.വി. ബീന, കെ.കെ. ബിന്ദു, റീത്ത എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ഫ്ലാറ്റിലേക്ക് താമസിപ്പിക്കാൻ എത്തിച്ചത്.
കേരള സർക്കാറിന്റെ അതി ദാരിദ്ര്യ ലഘൂകരണ പദ്ധതിയിൽ ഉൾപ്പെട്ട ലക്ഷ്മിയുടെ കുടുംബത്തിന് ആധാർ കാർഡും റേഷൻ കാർഡും ചികിത്സയും മരുന്നുകളും ലഭ്യമാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു. സർക്കാർ അധീനതയിലുള്ള കണ്ണൂക്കരയിലെ സുനാമി ഫ്ലാറ്റിൽ താമസിപ്പിക്കാൻ എത്തിച്ച സമയത്ത് ഇവിടെ താമസക്കാരിയായ ഒരു സ്ത്രീയാണ് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തത്.
ഇതുസംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ ചോമ്പാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും മഹിള അസോസിയേഷൻ നേതാക്കളെയും കൈയേറ്റം ചെയ്തതിൽ ജനാധിപത്യ മഹിള അസോസിയേഷൻ ഊരാളുങ്കൽ മേഖല കമ്മിറ്റി പ്രതിഷേധിച്ചു.
സുനാമി ക്വാർട്ടേഴ്സിൽ അനധികൃതമായി താമസമാക്കിയവർ അവിടെ മറ്റാരെയും പ്രവേശിപ്പിക്കില്ലെന്ന നിലപാട് എടുക്കുന്നത് അംഗീകരിക്കാനാവില്ല. ആക്രമണം നടത്തിയവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ലക്ഷ്മിയുടെ കുടുംബത്തിന് സുരക്ഷിതമായ താമസം ഒരുക്കണമെന്നും മഹിള അസോസിയേഷൻ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.